അടിമാലി: നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കുളമാൻ കുഴി വനമേഖലയിൽ നിന്ന് മരം മുറിച്ച് കരിയാക്കി വില്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കുളമാൻ കുഴി വനവാസി സെറ്റിൽമെന്റിൽ രാജീവ് (കൊച്ച്-39), വാളറ പുളിഞ്ചോട്ടിൽ ലൈജു മത്തായി(39), മാടത്തേടത്ത് സിബി വർഗീസ്(38) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പഞ്ചായത്ത് അംഗം ദീപയുടെ ഭർത്താവാണ് രാജീവ്. കേസുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് 5 പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ പ്രധാന പ്രതികളായ 3 പേർ കൂടി അറസ്റ്റിൽ ആയത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ വനം കൊള്ള അരങ്ങേറിയത്. വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് വനമേഖലയിൽ തന്നെ കത്തിച്ച് കരിയാക്കിയ ശേഷം സംഘം വില്പന നടത്തി വരികയായിരുന്നു.
റേഞ്ച് ഓഫീസർ എസ്.എൽ. സുനിലാലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ സജി മുഹമ്മദ്, ഉദ്യോഗസ്ഥരായ കെ.എം. ലാലി, ജയദാസ്, പി.ടി. അരുൺകുമാർ, പി.കെ. ബിനു, അബ്ദുൽ ഷുക്കൂർ, അബ്ദുൽ കരീം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.