തൊടുപുഴ: ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് തൊടുപുഴ നഗരസഭ ജൈവ വൈവിധ്യ സംരക്ഷണ പരിപാടിയ്ക്ക് പട്ടയംകവലയിൽ തുടക്കംകുറിച്ചു. നഗരസഭാ ബി.എം.സിയും മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടും ചേർന്നാണ് കനാൽ പുറമ്പോക്കുകളിൽ ഫലവൃക്ഷ- ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. പട്ടയംകവലയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിലമൊരുക്കൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ടി.ജെ. മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.എം.സി കൺവീനർ എൻ. രവീന്ദ്രൻ ആമുഖപ്രസംഗം നടത്തി. കൗൺസിലർമാരായ സിജി റഷീദ്, മെർലി രാജു, എം.വി.ഐ.പി അസിസ്റ്റന്റ് എൻജിനിയർ ദീപ, ഓവർസിയർമാരായ ശ്രീജി ഒ, സുധീഷ്‌കുമാർ, മുനിസിപ്പൽ കൃഷി ഓഫീസർ സൽമ, കൃഷി അസിസ്റ്റന്റ് സന്ധ്യ, നഗരസഭ ഓവർസിയർ മാഹിൻ ഹബീബ്, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ജോസഫ് ലൂക്കോസ്, കെ.പി. വേണുഗോപാലപിള്ള, സാജു ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നു. ഫലവൃക്ഷ തൈകളും ഔഷധസസ്യങ്ങളും നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കുക എന്ന ജൈവവൈവിധ്യബോർഡിന്റെ പദ്ധതിയാണ് നഗരസഭ ജൈവവൈവിധ്യപരിപാലന സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നത്.