കട്ടപ്പന: വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയ വൈദികരെ ഗ്രേഡ് എസ്.ഐ അപമാനിച്ചതായി ആരോപണം. ഉപ്പുതറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ആലടി ഗേറ്റിനു സമീപം കഴിഞ്ഞ ദിവസം മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു.
വിഷയം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി വാഹനത്തിലുണ്ടായിരുന്ന വൈദികർ അടങ്ങുന്ന സംഘം ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. നഷ്ട പരിഹാരം സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വൈദികർ അടക്കമുള്ളവർക്ക് നേരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയുമായിരുന്നു.
വൈദികരോട് മോശമായി സംസാരിക്കരുതെന്ന് പറഞ്ഞ ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയെന്ന് പറയുന്നു. സ്റ്റേഷനിലെ തന്നെ മറ്റ് ഉദ്യോഗസ്ഥർ എത്തി ഇയാളെ സ്ഥലത്തു നിന്ന് മാറ്റി നിർത്തുകയായിരുന്നു.