കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിലെയും പരിസരത്തെ റോഡുകളിലെയും ഓടകൾ അടഞ്ഞതോടെ മഴ പെയ്താൽ സ്റ്റാൻഡിലെ കവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാകുന്നു. ഇതോടെ നഗരസഭാ കാര്യാലയം, സബ്ട്രഷറി, വില്ലേജ് ഓഫീസ്, സ്‌കൂൾ കവല ഭാഗത്ത് നിന്നെത്തുന്ന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും മഴ പെയ്താൽ ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാകും. മഴക്കാലമായാൽ ബസ് സ്റ്റാൻഡിലെ ടെർമിനലിനുള്ളിലെ റൂഫ് ചോർന്നൊലിക്കുന്നതും യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന വെള്ളം ടെർമിനലിനുള്ളിൽ തന്നെ കെട്ടിനിൽക്കുന്നത് യാത്രക്കാർ തെന്നി വീഴുന്നതിനും കാരണമാകും. സ്റ്റാൻഡിനുള്ളിലെ ഓടകൾ വൃത്തിയാക്കാനും ടെർമിനലിലെ റൂഫിന്റെ ചോർച്ച മാറ്റാനും നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.