കട്ടപ്പന. ജില്ലയിലെ തമിഴ് വംശജരായ സാംബവ, പറയ സമുദായങ്ങൾക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്ന് ജാതി സിർട്ടിഫിക്കറ്റ് നൽകാത്തത് ഈ വിഭാഗങ്ങളെ ദുരിതത്തിലാക്കിയതായി പരാതി. ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഇത് മൂലം മുടങ്ങിയിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നീതി നിഷേധിക്കുകയാണെന്ന് സാംബവർ സൊസൈറ്റി ജില്ലാ ഭാരവാഹികൾ ആരോപിച്ചു. സംഘടനയുടെ ജില്ലാ സമ്മേളനം നാളെ കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.​ആർ. രാജൻ അദ്ധ്യഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കുന്നത്തൂർ മുഖ്യപ്രഭാഷണം നടത്തും. രക്ഷധികാരി രാജു അഞ്ഞിലിതോപ്പിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ രാജു അഞ്ഞിലി തോപ്പിൽ, കെ.ആർ. രാജൻ, വി.വി. വിജയകുമാർ, ടി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.