പീരുമേട്: കേരള പൊലീസിന്റെ മയക്കുമരുന്നിനെതിരെ ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ പതിനാലോളം നാർകോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. സ്‌കൂൾ- കോളേജ് പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന്റെ പേരിൽ എട്ടോളം കേസുകളും രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം കേരള പൊലീസ് മയക്കുമരുന്നിനെതിരെ ബോധവത്കരണം നൽകുന്നതിനായി ആവിഷ്‌കരിച്ച പരിപാടിയാണ് യോദ്ധാവ്. പീരുമേട്ടിൽ ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തോട്ടം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ ലഹരി ഉപയോഗം വർദ്ധിക്കുകയാണ്. യുവാക്കളാണ് ഇതിൽ അടിമപ്പെട്ടിരിക്കുന്നതിൽ ഏറെയും. ഇതിനാൽ വരും നാളുകളിലും ശക്തമായ പരിശോധനകളാക്കും നടക്കുക. ഏലപ്പാറ ടൗൺ ഉൾപെടെയുള്ള മേഖലകളിൽ ലഹരിമാഫിയാ വിലസുകയാണന്ന റിപ്പോർട്ടുകളുള്ള സാഹചര്യത്തിൽ ഇവിടം കേന്ദ്രീകരിച്ചും പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാണ്. യോദ്ധാവ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ മേഖലകളിലേക്ക് കടന്നുചെന്നുള്ള ബോധവത്കരണങ്ങളാണ് ലക്ഷ്യമിടുന്നത്‌.