പീരുമേട്: കച്ചേരിക്കുന്ന്, സർക്കാർ എൽ.പി സ്‌കൂളിന് സമീപത്തെ പുരയിടത്തിൽ കാട്ടാനക്കൂട്ടമെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, പ്ലാക്കത്തടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് ഒരു കൊമ്പനടക്കം അഞ്ച് ആനകളടങ്ങിയ സംഘം ഇറങ്ങിയത്. പടക്കം പൊട്ടിച്ചതിനെ തുടർന്ന് കാട്ടാനകൾ എൽ.പി സ്‌കൂളിന്റെ സമീപത്ത് നിന്ന് വനാതിർത്തിയായ യൂക്കാലി തോട്ടത്തിലെത്തി തമ്പടിച്ചു. പിന്നീട് വനാതിർത്തിയിലേക്ക് മാറി. ഈ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും മാസക്കാലമായി നിരന്തരമായി കാട്ടാനകളുടെ ശല്യം ഇവിടെ രൂക്ഷമാണ്. ജനങ്ങൾ ഏതു സമയവും ഭയന്നാണ് ഇവിടെ കഴിയുന്നത്. കഴിഞ്ഞ മാസം ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഒരു ആന വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം എത്തിയിരുന്നു.