തൊടുപുഴ: 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 38 പേർക്ക് വീട് നിർമ്മിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും ആറ് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതായി സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇവർക്ക് സ്ഥലം വാങ്ങിയതിന് ശേഷം വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം കളക്ടറേറ്റിൽ നിന്ന് നേരിട്ട് അനുവദിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കട്ടപ്പന എളവപ്പാറ സ്വദേശി സുമി ഹരി സമർപ്പിച്ച പരാതിയിലാണ് നടപടി. 22 മാസമായി വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. തുടർന്ന് കമ്മിഷൻ ദുരന്തനിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. റീബിൽഡ് കേരള മൊബൈൽ ആപ്പിൽ വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർ എന്ന കാറ്റഗറി ലഭ്യമല്ലായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ട ഉപഭോക്താക്കളെ വീടിന് 75 ശതമാനം നാശനഷ്ടം സംഭവിച്ച കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളിൽ വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ട 38 ഗുണഭോക്താക്കളെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലം വാങ്ങുന്നതിന് 6 ലക്ഷം രൂപയോ ആധാരത്തിലുള്ള തുകയോ അനുവദിച്ച് നൽകാൻ തീരുമാനമായി. വീട് പുനർനിർമ്മിക്കാൻ നാല് ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടിക ഇടുക്കി ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. കമ്മിഷനിൽ പരാതി നൽകിയ സുമി ഹരിക്കും തുക അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.