തൊടുപുഴ: വനഭൂമിയോട് ചേർന്ന ജനവാസ മേഖലകൾ വാസയോഗ്യമല്ലെന്ന് വരുത്തിത്തീർത്ത് കൃഷിഭൂമിയിൽ നിന്ന് കർഷകരെ ആട്ടിയോടിക്കുന്ന ദുരവസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന ദേശീയ ശരാശരിയേക്കാൾ വനവിസ്തൃതിയുള്ള ഇടുക്കിയിൽ തന്നെ വനവൽക്കരണമെന്ന സംസ്ഥാന സർക്കാരിന്റെ ദുശ്ശാഠ്യം ആരെ തൃപ്തിപ്പെടുത്തുന്നതിനാണെന്ന് മനസിലാകുന്നില്ല. റവന്യൂ ഭൂമി വിപണി വിലയ്‌ക്കെടുക്കാൻ തന്നെ നിയമമുള്ളപ്പോൾ റീബിൽഡ് കേരളയുടെ പേരിൽ വെറും 15 ലക്ഷം രൂപയ്ക്ക് രണ്ട് ഹെക്ടർ വാസയോഗ്യമായ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വനംവകുപ്പിന്റെ തീരുമാനം വനവിസ്തൃതി വർദ്ധിപ്പിച്ച് കാർബൺ ഫണ്ട് അടിച്ചു മാറ്റുന്നതിനുള്ള കുത്സിത ബുദ്ധിയാണെന്ന് എം.പി പറഞ്ഞു. മന്ത്രിസഭയും ജില്ലയിൽ നിന്നുള്ള മറ്റ് ജനപ്രതിനിധികളും അറിയാതെയാണ് വനംവകുപ്പിന്റെ ഈ നടപടികളെങ്കിൽ ഇടുക്കിയിൽ വനംവകുപ്പ് സമാന്തര സർക്കാരാണെന്ന് ജനം കരുതുന്നതിൽ തെറ്റില്ല. വന്യമൃഗശല്യത്തിന് നടപടി സ്വീകരിക്കാതെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പണികൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ തടയുന്നതും പി.എം.ജി.എസ്.വൈ പദ്ധതികളിൽപ്പെടുത്തി റോഡുകൾ നിർമ്മിക്കുന്നതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് എൻ.ഒ.സി നൽകാതെയിരിക്കുന്നതും നിരപരാധികളുടെ പേരിൽ കള്ളക്കേസെടുത്ത് ജനങ്ങളുടെ മേൽകടന്നുകയറ്റം നടത്തുന്നതും സർവശക്തിയുമുപയോഗിച്ച് എതിർക്കണം. വനം വകുപ്പിനെതിരെ സി.പി.എം നടത്തുന്ന സമരം കാപട്യമാണ്. റീബിൽഡ് കേരളയുടെ നിയന്ത്രണം സി.പി.എമ്മിന്റെ കൈകളിലാണ്. അപ്പോൾ പിന്നെ ജനങ്ങൾക്കെതിരെ ഇത്തരം ജനദ്രോഹനടപടികൾ കൈക്കൊള്ളുന്നത് ആരാണെന്ന് വ്യക്തമാക്കാൻ സി.പി.എമ്മിനും സി.പി.ഐയ്ക്കും ബാദ്ധ്യതയുണ്ട്. പട്ടയ നടപടികൾ നിർത്തിവെച്ചും ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിർത്തിയും, ഭൂവിനിയോഗത്തിന് മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും, ഭൂവിനിയോഗ ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യുമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം നടപ്പിലാക്കാതെയും മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ ജനങ്ങളെയാകെ കബളിപ്പിക്കുകയാണ്. വന്യമൃഗശല്യത്തിന്റെ പേരിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് വനംവകുപ്പിന് അധികാരമില്ല. വനംവകുപ്പിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും എം.പി ആവശ്യപ്പെട്ടു.