കട്ടപ്പന: ഇരട്ടയാർ,​ നെടുങ്കണ്ടം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള പുത്തൻ പാലം തകർന്നതിനാൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംരക്ഷണ ഭിത്തി ഇടിഞ്ഞതാണ് പാലം തകരാൻ കാരണമായത്. ഇത് മൂലം ഈറ്റൊലികവല, തൂവൽ, മിസ്റ്റ് മൗണ്ട് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാർത്ഥികളും പുറംലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു വീട് കത്തി നശിച്ചപ്പോൾ എത്തിയ ഫയർഫോഴ്‌സ് വാഹനം കടന്നുപോകുന്നതിനിടയിലാണ് പുത്തൻ പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നത്. ഫയർഫോഴ്‌സ് വാഹനവും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.