മൂന്നാർ: മൂന്നാർ ഗവ. ഹൈസ്‌കൂളിൽ പഠിച്ചിറങ്ങിയ മൂന്ന് തലമുറകളിൽപ്പെട്ടവർ സംഗമിക്കുന്നു. 13ന് മൂന്നാർ ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ ചേരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിലാണ് 83 വയസുള്ളവർ തുടങ്ങി കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവർ വരെയുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേരുന്നത്. മുൻ അദ്ധ്യാപകരെയും മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും. രാവിലെ 10ന് പൂർവ വിദ്യാർത്ഥിയും മുൻ തമിഴ്‌നാട് ഡി.ജി.പിയുമായ വാൾട്ടർ ഐസക് ദേവാരം സംഗമം ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥിയും മുൻ എം.പിയുമായ തമ്പാൻ തോമസ് മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ എം.ജെ. ബാബു അദ്ധ്യക്ഷത വഹിക്കും. എ. രാജ എം.എൽ.എ, മുൻ എം.എൽ.എ എ.കെ. മണി, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ഭവ്യ എന്നിവർ സംസാരിക്കും. പ്രൊഫ. ടി. ചന്ദ്രൻ സ്വാഗതവും ലിജി ഐസക് നന്ദിയും പറയും. തുടർന്ന് മുൻ അദ്ധ്യാപകരെയും മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സൗഹൃദ കൂട്ടായ്മ, ക്ലാസ് മുറികളിലെ ഒത്തു ചേരൽ തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ പെങ്കടുക്കുന്ന മുഴുവൻ പൂർവ്വ വിദ്യാർത്ഥികൾക്കും മൊമേന്റാ നൽകുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

1926ൽ കണ്ണൻ ദേവൻ കമ്പനിയാണ് ഇംഗ്ലീഷ് സ്‌കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്‌കൂൾ സ്ഥാപിച്ചത്. 1955 നവംബറിൽ സ്‌കൂൾ സർക്കാർ ഏറ്റെടുത്തു. 1950കളിൽ സ്‌കൂളിൽ പഠിച്ചവർ സംഗമത്തിൽ പെങ്കടുക്കുന്നുണ്ട്. മൂന്നാർ മേഖലയിൽ നിന്നുള്ളവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ ടൗണിൽ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. മൂന്നാർ ഹൈസ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ഭാരവാഹികളായ എം.ജെ. ബാബു, പ്രൊഫ. ടി. ചന്ദ്രൻ, ലിജി ഐസക്, ആർ.എസ്. രാമദാസ്, ബിനിഷ് ആന്റണി, സണ്ണി ഇലഞ്ഞിക്കൽ, ജോൺ ക്വിന്റസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.