മുള്ളരിങ്ങാട്: ലഹരിയ്ക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഭാഗമായി മുള്ളരിങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, ബ്ലോക്ക് മെമ്പർ രവി കെ.കെ, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമായ ശിവദാസ്, തൊടുപുഴ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ദേവദാസ്, പ്രിൻസിപ്പൽ കെ.വി. ശ്രീലേഖ എന്നിവർ പങ്കെടുത്തു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം ജാഗരൺ ശ്രദ്ധ നേടി. വോളന്റിയർ ലീഡർ അഞ്ജന ഷിജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചും ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തും ലഹരി ഉപയോഗിക്കാത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കിടയിലെ ഫോട്ടോ മത്സരത്തിലൂടെയും ബോധവത്കരണത്തിന്റെ വേറിട്ട മാതൃക തീർത്തു കുട്ടികൾ. ലഹരി ബോധവത്കരണ ക്വിസ്, പോസ്റ്റർ മത്സരം എന്നിവയ്ക്കുള്ള സമ്മാന ദാനം വാർഡ് മെമ്പർമായ ശിവദാസ് നിർവഹിച്ചു. വ്യാപാരികൾ, മാതാപിതാക്കൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങുകൾക്ക് പ്രിൻസിപ്പൽ കെ.വി. ശ്രീലേഖ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഷ കുര്യൻ, സി.വി. ചന്ദ്രലാൽ, സീനിയർ അസിസ്റ്റന്റ് കെ.വി. ബിജു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അഭിലാഷ് എം.വി, പി.ടി.എ പ്രസിഡന്റ് കെ.വി. ബെന്നി, പി.ടി.എ മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.