തൊടുപുഴ: പെരുമ്പിള്ളിച്ചിറയിൽ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറി ഒരു വിഭാഗം നടത്തിയ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് തുടർച്ചയായി നടക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണ് ഇന്നലെയും ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി ഓടിച്ച കാറും മറ്റൊരു കാറും തമ്മിൽ ഉരസിയതിനെ തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. വിദ്യാർത്ഥിയുടെ കാറിന്റെ താക്കോൽ പ്രദേശത്തെ ചിലർ ഊരിയെടുത്തു. ഇതേ കാറിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിയോട് ചിലർ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് ഇന്നലെയും വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ കയറി ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ ലാ കോളേജ് വിദ്യാർത്ഥികളായ അലക്‌സ്, നിധിൻ, അലൻ എന്നിവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോളേജിലെ വിദ്യാർത്ഥിനികളോട് ഉൾപ്പെടെ ചിലർ അശ്ലീല പദപ്രയോഗം നടത്തുന്നതായും ആരോപണം ഉണ്ട്. ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം സംഘർഷങ്ങൾക്ക് കാരണം വിദ്യാർത്ഥികൾ ആണെന്നാണ് നാട്ടുകാരുടെ ആരോപണം.