തൊടുപുഴ: കാന്തല്ലൂരിലെയും വട്ടവടയിലെയും പാവപ്പെട്ട കർഷകർ അദ്ധ്വാനിച്ച് വിളയിച്ച ശീതകാല പച്ചക്കറി വാങ്ങിച്ചിട്ട് പണം ചോദിക്കുമ്പോ ഹോർട്ടികോർപ്പ് കൈമലർത്തുന്നു. ഓണത്തിന് സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയതിന്റെ വില മാസങ്ങളായി കർഷകന് നൽകിയിട്ടില്ല. ഒന്നും രണ്ടുമല്ല 48 ലക്ഷം രൂപയാണ് കുടിശിഖയുള്ളത്. കടമെടുത്തും പലിശയ്ക്ക് വാങ്ങിയും കൃഷിയിറക്കിയവർ സർക്കാരിന്റെ ധനസഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്. കുടിശ്ശിക കിട്ടിയാലേ കൃഷി തുടരാനാകൂ എന്ന അവസ്ഥയിലാണ് പല കർഷകരും. കൊവിഡ് മൂലം രണ്ട് വർഷം നഷ്ടപ്പെട്ട ഓണക്കാലസീസൺ തിരിച്ചുപിടിക്കാൻ ഇത്തവണ കാന്തല്ലൂരിലെയും വട്ടവടയിലെയും കർഷകർ കാര്യമായ മുന്നൊരുക്കം നടത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഴയും മറ്റ് പ്രതികൂല ഘടകങ്ങളും കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതിനാൽ ഇത്തവണ ഉത്പാദനവും കുറവായിരുന്നു. ഉൽപ്പാദനം കുറഞ്ഞതും വിപണിയിലെ പ്രശ്‌നങ്ങളുമാണ് സംഭരണം കുറയാൻ കാരണമായി ഹോർട്ടികോർപ്പ് അധികൃതർ പറയുന്നത്. കാരറ്റും കാബേജുമാണ് ഇത്തവണ പ്രധാനമായും സംഭരിച്ചത്. ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറിയുടെ വില ലഭിക്കാൻ കാലതാമസമുണ്ടാകുന്നു എന്നത് കാലങ്ങളായി കർഷകർ ഉന്നയിക്കുന്ന പരാതിയാണ്. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരെ ഇത് ഏറെ പ്രതികൂലമായി ബാധിക്കും. ഉടൻ പണം കിട്ടും എന്നതിനാൽ ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പ് ആസ്ഥാനത്തേക്ക് അയക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും ആസ്ഥാന ഓഫീസിൽ നിന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലയിലെ ഹോർട്ടികോർപ്പ് അധികൃതർ പറയുന്നത്. ഇത്തവണയും കർഷകർക്ക് തുക അനുവദിക്കുന്നതിന് ജില്ലയിൽ നിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് വൈകാതെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിന് ശേഷം പച്ചക്കറി നൽകിയതിന്റെ വില കർഷകർക്ക് അടുത്തിടെയാണ് വിതരണം ചെയ്തത്. ഓണ നാളുകളിലെ കനത്ത മഴ ഇത്തവണ വിളവെടുപ്പിനെ ബാധിച്ചിരുന്നു. സംഭരിക്കുന്ന പച്ചക്കറികൾ ജില്ലക്കുള്ളിൽ തന്നെ കേടുകൂടാതെ സൂക്ഷിക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ആലോചനയിലാണ് ഹോർട്ടികോർപ്പ്. ഇതിന്റെ ഭാഗമായി മൂന്നാറിലും തൊടുപുഴയിലും ഹൈടെക് കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.
ഇത്തവണ സംഭരിച്ചത് 171 ടൺ
ഓണ വിപണി ലക്ഷ്യമിട്ട് വട്ടവടയിൽ 950 ഹെക്ടറിലും കാന്തല്ലൂരിൽ 265 ഹെക്ടറിലുമായിരുന്നു പച്ചക്കറി കൃഷി. അഞ്ച് ദിവസങ്ങളിലായി 46,54,910 രൂപയുടെ 171.2 ടൺ പച്ചക്കറിയാണ് ഇത്തവണ സംഭരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷം സജീവമല്ലാതിരുന്നിട്ടും കഴിഞ്ഞവർഷം 350 ടണ്ണോളം സംഭരിച്ചിരുന്നു.