തൊടുപുഴ: ജില്ലയിൽ റവന്യൂ വകുപ്പ് ആരംഭിച്ചിരിക്കുന്ന ഡിജിറ്റർ ഭൂസർവേ കേരള- തമിഴ്‌നാട് അതിർത്തി വില്ലേജുകളിലെ ജനങ്ങൾക്ക് ദോഷം ചെയ്യുമെന്നും, അത് ഉണ്ടാകാതിരിക്കാൻ ഉടൻ തന്നെ സംസ്ഥാന അതിർത്തി നിർണയിക്കണമെന്നും ഏജൻസി ഫോർ ഹ്യൂമൻ ഡവലപ്‌മെന്റ് ആൻഡ് റൂറൽ അപ്രൈസൽ (ആദ്ര) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1922ലെ സർവേ മാപ്പാണ് ഇപ്പോൾ ആധികാരികമായി റവന്യൂവിന്റെ പക്കലുള്ളത്. ഭൂ മാഫിയയ്ക്ക് വേണ്ടി അഴിമതിക്കാരായ ഉദ്യോഗസ്ഥൻമാരും ഇതിൽ കൃത്രിമം കാട്ടി അതിർത്തി മേഖലയിലെ ആയിരകണക്കിന് ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയത്. ഉടുമ്പൻചോല താലൂക്കിലെ അതിർത്തി വില്ലേജുകളായ ചിന്നക്കനാൽ, പൂപ്പാറ, ചതുരംഗപ്പാറ, ശാന്തൻപാറ, പാറത്തോട് എന്നീ വില്ലേജുകളിലാണ് ഭൂമാഫിയയ്ക്കുവേണ്ടി ഉദ്യോഗസ്ഥർ വ്യാജ തണ്ടപ്പേരുകൾ ഉണ്ടാക്കിയത്. ഇത് കണ്ടുപിടിക്കാതിരിക്കാൻ വേണ്ടി റവന്യൂ രേഖകൾ പലതും തീവച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭൂമികൾ പിന്നീട് കൈമാറ്റം ചെയ്യുകയും സാധാരണക്കാരായ കർഷകർ ഈ ഭൂമിയിൽ കൃഷി ചെയ്യുകയും കരം ഒടുക്കുകയും ചെയ്യുന്നുണ്ട്. വ്യാജ തണ്ടപ്പേരുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമികൾ പലതും തമിഴ്‌നാട് സ്വദേശികളുടെ പേരിലുള്ളതാണ്. ഇതിന്റെ അസൽ രേഖകൾ അവരുടെ പക്കലുണ്ട്. ഡിജിറ്റർ ഭൂസർവേയിലൂടെ അതിർത്തി മേഖലയിലെ തമിഴ് കർഷകരുടെ ഭൂമി നഷ്ടമാവുമെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സർവേ തുടരുന്നതിനാൽ ഈ സംഘടനകൾ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കോടതിയിൽ ഭൂമിയുടെ അസൽ രേഖൾ തമിഴ്‌നാട്ടിലെ കർഷകർ ഹാജരാക്കിയാൽ, ഇതിനെ പ്രതിരോധിക്കാനുള്ള ആധികാരിക രേഖകളൊന്നും നിലവിൽ ജില്ലയിലെ റവന്യൂ വകുപ്പിന്റെ കൈവശമില്ല. ഇതിനാൽ ഈ ഭൂമി കോടതി ഉത്തരവിന്റെ പിൻബലത്തിൽ തമിഴ്‌നാടിനൊപ്പം ചേർക്കപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ വർഷങ്ങളായി ഈ ഭൂമികളിൽ കൃഷിചെയ്ത് ജീവിച്ചുപോരുന്ന സാധാരണ കർഷകർ കുടിയിറങ്ങേണ്ടി വരും. ഇത് ഒഴിവാക്കാനായാണ് ഇരു സംസ്ഥാനങ്ങളും സംയുക്തമായി അതിർത്തി നിർണയം നടത്തണമെന്ന് ആദ്ര ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികളും കർഷക സംഘടനകളും ശ്രദ്ധ ചെലുത്തണം. വിഷയത്തിൽ സംഘടന നിയമപോരാട്ടങ്ങൾ ആരംഭിക്കുമെന്നും ആദ്ര ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആദ്ര പ്രസിഡന്റ് പി.എ. വേലുക്കുട്ടൻ, സോളിഡാരിറ്റി മൂവ്‌മെന്റ് ഡയറക്ടർ അഡ്വ. ടി.ജെ. തുളസീധരൻപിള്ള, വിവരാവകാശ പ്രവർത്തകൻ സജീവ് സെബാസ്റ്റ്യൻ, വി.ബി. രാജൻ, കെ.ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.