 
കട്ടപ്പന :കാലിത്തീറ്റ വില കുത്തനെ കൂടിയത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. 50കിലോയുടെ ചാക്ക് ഒന്നിന് 180രൂപ ആണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കാലാവസ്ഥ വ്യതിയാനവും പകർച്ചാ രോഗങ്ങളും മൂലം പൊതുവെ പാൽ ഉത്പ്പാദനം കുറഞ്ഞ സ്ഥിതിയാണ് . ഇതിന് പുറമെ കാലിത്തീറ്റ, പിണ്ണാക്ക് വില വർദ്ധന ക്ഷീര കർഷകർക്ക് ഇരുട്ടടിയായത്.വിപണിയിൽ ലഭിക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം കുറവായത് പാൽ ഉത്പ്പാദനത്തിലും കുറവുണ്ടാക്കി. ഇതോടെ പിടിച്ച്നിൽക്കാനാവാതെ കളംവിടേണ്ട അവസ്ഥയാണ് കർഷകർക്കുണ്ടായിരിക്കുന്നത്.കാലിത്തീറ്റ വിലവർദ്ധന പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലിന്റെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 16ന് തിരുവനന്തപുരം മിൽമ ഫെഡറേഷൻ ഓഫിസിന് മുൻപിൽ ധർണ്ണ നടത്തും. ജില്ലയിൽ നിന്ന് 500ക്ഷീരകർഷകരെ പങ്കെടുപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി. ആർ. സലിംകുമാർ, എസ്. വിജു, എം. ആർ. അനിൽകുമാർ, സണ്ണി തെങ്ങുംപള്ളി, കെ. പി. ബേബി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇൻസന്റീവിനായി
കാത്തിരിപ്പ്
ജൂലായ് മുഴുവൻ സംസ്ഥാനത്തെ ക്ഷീരകർഷകർക്കും ഇൻസെന്റീവ് നൽകുമെന്ന് നിയമസഭയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.. എന്നാൽ വാഗ്ദാനം ആദ്യമാസത്തെ വിതരണത്തിൽ മാത്രമൊതുങ്ങി.ആഗസ്റ്റ് മുതൽ വിതരണം നടക്കുന്നില്ല.. എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ഇൻസെന്റീവ് നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. .അതത് ദിവസങ്ങളിൽ ക്ഷീര സംഘങ്ങളിൽ അളക്കുന്ന പാലിന് അനുസരിച്ച് ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടിൽ ഇൻസെന്റീവ് എത്തുന്ന രീതിയിലായിരുന്നു പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ മൂന്ന് രൂപയും ക്ഷീര വകുപ്പിന്റെ ഒരു രൂപയും അടക്കം നാല് രൂപയാണ് ഒരു ലിറ്റർ പാലിന് ഇൻസെന്റീവായി നൽകിയിരുന്നത്. ക്ഷീര വകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് വിതരണം വൈകാൻ കാരണമെന്നാണ് പറയുന്നത്.
2019ന് ശേഷം പാൽ വില മിൽമ വർദ്ധിപ്പിച്ചിരുന്നില്ല. കാലിത്തീറ്റയുടെ വിലയും പശു പരിപാലന ചെലവും വർദ്ധിച്ചത് ക്ഷീര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു.
ധർണ്ണ നടത്തി
കട്ടപ്പന :കാലിത്തീറ്റ വില വർദ്ധനവിനെതിരെ കെ. എസ്. എം. എസ്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവ് ആപ്‌കോസ് ന് മുൻപിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ്. പി. ആർ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്. കെ. പി. ബേബി, ടോമി നെല്ലിപ്പാറ, ജെയിംസ് ചക്കുപള്ളം എന്നിവർ പ്രസംഗിച്ചു.