അടിമാലി:സമഗ്ര കാൻസർ സുരക്ഷാ പദ്ധതിയിലൂടെ
ക്യാൻസർ രോഗനിർണയത്തിൽ മാതൃകയുമായി പള്ളിവാസൽ പഞ്ചായത്ത്.ക്യാൻസർ രോഗം മുൻകൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ക്യാൻസർ അപകടസാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പള്ളിവാസൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ക്യാൻസർ സുരക്ഷ പദ്ധതി രൂപീകരിച്ചത്.പഞ്ചായത്തിനൊപ്പം മൂന്നാർ കാർക്കിനോസ് ക്യാൻസർ സെന്റർ, കല്ലാർ വട്ടിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രം, കൊച്ചിൻ ക്യാൻസർ സൊസൈറ്റി എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ടുമാസം നീണ്ടുനിന്ന പരിശോധന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ 4700 ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ 1068 ആളുകൾക്ക് ഉയർന്ന അപകട സാദ്ധ്യത ഉള്ളതായും കണ്ടെത്തി. തുടർന്ന് പള്ളിവാസൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലുളള 8 കേന്ദ്രങ്ങളിൽ പഞ്ചായത്ത് തല സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുകയും അപകട സാദ്ധ്യതയുള്ള 824 പേരെ പരിശോധിക്കുകയും ചെയ്തു.തുടർന്നും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പഞ്ചായത്തിനെ സമ്പൂർണ്ണ സുരക്ഷയിൽ എത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ പറഞ്ഞു.6 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്.വീടുകൾ കയറിയുള്ള ബോധവൽക്കരണവും പദ്ധതിയെ സഹായിച്ചു.വൈസ് പ്രസിഡന്റ് എം ലത,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി എസ് അഭിലാഷ്, സുജി ഉല്ലാസ്, പി ശശികുമാർ മെഡിക്കൽ ഓഫീസർ ഡോ പി അരവിന്ദ്, കാർക്കിനോസ് ക്യാൻസർ സെന്ററിലെ ഡോ. ദേവു, പി എ ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.