തൊടുപുഴ: ഗാന്ധി സ്‌ക്വയറിന് സമീപം അർദ്ധരാത്രിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതലിയാർമഠം ഭാഗത്ത് വാടകക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി കോയിക്കര റെനി റോയി (26), മ്രാല ചെങ്കിലാത്ത് വീട്ടിൽ ആദർശ് ശിവൻകുട്ടി (വടിവാൾ അച്ചു, 25),കരിങ്കുന്നം കാട്ടോലി അഴകുംപാറ ഭാഗത്ത് പടിക്കാച്ചിക്കന്നേൽ നന്ദു ദീപു (19) എന്നിവരെയാണ് തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ കാർ ഇടിപ്പിച്ചതിനെ തുടർന്ന് ഗുരുതരമായ പരിക്ക് സംഭവിച്ച മൂവാറ്റുപുഴ മേമടങ്ങ് കുരിയികന്നേൽ ജോയൽ ഏബ്രഹം (22) ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിനിടെ ജോയലിന്റെ സുഹൃത്തുക്കളായ ടോണി പയസ്, നെൽവിൻ എന്നിവർക്കും കുത്തേറ്റിരുന്നു. . വെള്ളിയാഴ്ച രാത്രി നഗരത്തിലെത്തിയ ഇരുകൂട്ടരും മദ്യലഹരിയിൽ വാക്കേറ്റവും അടിപിടിയും നടന്നതായി പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ പ്രതികൾ 2 പേരെ കുത്തി പരിക്കേൽപിച്ചു. നിസാരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് രാത്രി ഒരു മണിയോടെ ഗാന്ധി സ്‌ക്വയറിനു സമീപം മുനിസിപ്പൽ മൈതാനത്ത് കാർ നിർത്തി ഇവർ പുറത്ത് ഇറങ്ങിയപ്പോഴാണ് പ്രതികൾ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കാർ ഇടിപ്പിച്ചതിനു പ്രതികൾക്കെതിരെ വധ ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ കുത്തി പരക്കേൽപിച്ചതിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.കാറും കസ്റ്റഡിയിൽ എടുത്തു. എസ്‌ഐ ബൈജു പി ബാബു, സിപിഒമാരായ സനീഷ്, രതീഷ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളിൽ വടിവാൾ അച്ചുവിന്റെയും നന്ദുവിന്റെയും പേരിൽ വേറെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.