കട്ടപ്പന:അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം 10, 11, 12 തിയതികളിൽ എം സി ജോസഫൈൻ നഗറിൽനടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം, സെമിനാർ, വനിതാ വാളന്റിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.

10ന് വൈകുന്നേരം നാലിന് ടൗൺ ഹാളിൽ വൈക്കം ഹരി നയിക്കുന്ന ഗാനമേള. വൈകിട്ട് ആറിന് ദീപശിഖ, പതാക, കൊടിമര ജാഥകൾ സംഗമിക്കും. 11ന് രാവിലെ , 9.45 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സമകാലീന ഇന്ത്യയിൽ സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ എംപി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. . ദേശീയ, സംസ്ഥാന തലത്തിൽ മികവു തെളിയിച്ചവരെ യോഗത്തിൽ ആദരിക്കും.
12ന് വൈകുന്നേരം മൂന്നിന് ഐ.ടി.ഐ ജങ്ഷനിൽ നിന്ന് 2500 വനിതാ വാളന്റിയർമാർ അണിനിരക്കുന്ന മാർച്ചും 10,000 പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. തുടർന്ന്പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി എംഎൽഎ, സിപി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം ടി ലിസി, സംസ്ഥാന കമ്മിറ്റിയംഗം എം ടി ഉഷ, സംഘാടക സമിതി ജനറൽ കൺവീനർ സാലി ജോളി എന്നിവർ പങ്കെടുത്തു.