കട്ടപ്പന :ശാന്തിഗ്രാം ഇടിഞ്ഞമലകമ്പനിപ്പടിപള്ളിക്കാനം റോഡുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സി പി എം കട്ടപ്പന ഏരിയ കമ്മിറ്റി ആരോപിച്ചു. എം എം മണി എംഎൽഎയായ ശേഷം 50 കോടിയോളം രൂപയുടെ വികസനം ഇരട്ടയാർ പഞ്ചായത്തിൽ നടപ്പാക്കി. കൂടാതെ പതിറ്റാണ്ടുകളായുള്ള ഇരട്ടയാർ നിവാസികളുടെ പട്ടയ സ്വപ്നവും യാഥാർത്ഥ്യമാക്കി. പത്ത് ചെയിനിൽ ഉൾപ്പെടെ 4000ൽപ്പരം പേർക്ക് പട്ടയം നൽകി. പഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിന് രണ്ടു കോടി രൂപ അനുവദിച്ചു. ശാന്തിഗ്രാം സ്‌കൂളിനെ രാജ്യാന്തര നിലവരത്തിൽ എത്തിച്ചു. വികസനം നടത്തിയ എൽഡിഎഫ് സർക്കാരിനോടും ജനപ്രതിനിധികളോടും ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാനാണ് കോൺഗ്രസ് അപവാദ പ്രചാരണം നടത്തുന്നത്.
ശാന്തിഗ്രാം ഇടിഞ്ഞമലകമ്പനിപ്പടിപള്ളിക്കാനം റോഡ് 5.58 കോടി മുതൽ മുടക്കി 7.5 കീലോമീറ്റർ ദൂരമാണ് നിർമാണം നടക്കുന്നത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബിസി നിലവാരത്തിൽ രണ്ട് വശങ്ങളിലും ഐറിഷ് ഓട ഉൾപ്പെടെയാണ് നിർമാണം. റോഡ് നിർമാണത്തിന്റെ മൺപണി പൂർത്തീകരിച്ചു. മെറ്റൽ വിരിക്കൽ ജോലികളും പൂർത്തിയായി. ഇടിഞ്ഞമല കമ്പനിപ്പടിയിലും ശാരദപ്പാറ പടിയിലുമായി രണ്ട് കലുങ്കുകളും നിർമിച്ചു. ഇനി ടാറിങ് മാത്രമാണ് അവശേഷിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ജോലികൾ വൈകുന്നത്. ഡിസംബർ 31 വരെയാണ് നിർമാണ കാലാവധി. വസ്തുത മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപി എം കട്ടപ്പന ഏരിയ സെക്രട്ടറി വി .ആർ സജി, പി ബി ഷാജി, എം സി ബിജു, ടോമി ജോർജ്, ജോയി ജോർജ്, ലിജു വർഗീസ്, പഞ്ചായത്തംഗം രജനി സജി എന്നിവർ പങ്കെടുത്തു.