തൊടുപുഴ: റോഡിന്റെ വശങ്ങളിലുളള മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീണും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വൻദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും അധികാരികൾ ഉറക്കം നടിക്കുകയാണ്.ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി റോഡിന്റെ വശങ്ങളിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് മരങ്ങളാണ് അപകടാവസ്ഥയിലുളളത്.ഇതിന്റെ അപകടാവസ്ഥക്ക് പരിഹാരം തേടി പ്രദേശവാസികൾ തദ്ദേശ സ്ഥാപനങ്ങൾ,വില്ലേജ് ഒാഫീസുകൾ,പൊലീസ് സ്റ്റേഷനുകൾ.കളക്ടറേറ്റ് എന്നിങ്ങനെ അധികാരികളുടെ മുന്നിൽ അപേക്ഷകളുമായി കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നടപടികളാകുന്നില്ല.ഇത് സംബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉൾപ്പടെയുളള കോടതികളിൽ പരാതികൾ എത്തുന്നുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ നിരത്തി അധികാരികൾ പ്രശ്നത്തിൽ നിന്ന് തലയൂരും.തദ്ദേശം,പൊതുമരാമത്ത്,ജലവിഭവം,വൈദ്യുതി,വനം,ടൂറിസം എന്നിങ്ങനെ വകുപ്പുകളുടെ കീഴിലാണ് ജില്ലയിലെ റോഡുകൾ പ്രധാനമായിട്ടുളളത്.എന്നാൽ മരങ്ങളുടെ അപകടാവസ്ഥകൾ സംബന്ധിച്ച് ജനങ്ങളിൽ നിന്ന് പരാതികൾ ഉയരുമ്പോൾ പരസ്പരം പഴിചാരി പ്രശ്നങ്ങളിൽ നിന്ന് വകുപ്പ് അധികൃതർ ഓടി ഒളിക്കുകയാണ്.തദ്ദേശ സ്ഥാപനങ്ങളിലുളള ട്രീ-കമ്മറ്റികൾ കൃത്യമായ ഇടപെടലുകൾ നടത്തിയീൽ മരങ്ങളുടെ അപകടാവസ്ഥകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.നിർഭാഗ്യവശാൽ ഇത്തരം കമ്മറ്റികൾ സംബ്ബന്ധിച്ച് തദ്ദേശ സ്ഥാപന അധികാരികൾക്ക് അറിയാത്ത അവസ്ഥയുമാണ്.മരം ചുവടോടെ മുറിക്കാതെ ശിഖരങ്ങൾ മാത്രം മുറിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നുളള ആവശ്യത്തോടും അധികാരികൾ മുഖം തിരിക്കുകയാണ്.അടുത്ത ദിവസങ്ങളിലായിട്ടുളള കാറ്റിലും മഴയിലും റോഡിലൂടെ കടന്ന് പോയ വാഹനത്തിന്റെ മുകളിലേക്കും ആളുകളുടെ ദേഹത്തേയ്ക്കും മരത്തിന്റെ ശിഖരങ്ങൾ വീണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി ദുരന്തങ്ങളാണ് സംഭവിച്ചിട്ടുളളത്.ഏതാനും ദിവസം മുൻപ് വെളളിയാമറ്റം ഭാഗത്തുളള ഏതാനും പേർ സംഘടിച്ച് റോഡിന്റെ വശങ്ങളിലുളള മരങ്ങളുടെ അപകടാവസ്ഥകൾ പരിഹരിക്കാൻ ശ്രമദാനം നടത്താൻ ശ്രമിച്ചപ്പോൾ നിയമങ്ങളുംചട്ടങ്ങളുമായി ചില ഉദ്യോഗസ്ഥർ രംഗ പ്രവാശനം ചെയ്ത് വിലങ്ങ് തീർത്തു.അതോടെ അവർ ശ്രമ ദാനം അവസാനിപ്പിച്ചു.
റോഡിലേക്ക് വളർന്ന കാടും വളളിപ്പടർപ്പും
റോഡിലെ കാഴ്ച്ചകൾ മറക്കുന്ന കാടും വളളിപ്പടർപ്പുകളും
റോഡപകടങ്ങളിൽ പ്രധാന വില്ലനാണെന്നറിയുമ്പോഴും പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം അധികൃതരിൽ നിന്നുണ്ടാകുന്നില്ല.തൊടുപുഴ നഗരത്തിൽ നിന്ന് ഗ്രാമപ്രദേങ്ങളിലേക്കുളള മിക്കവാറും റോഡുകളുടെ വശങ്ങളിലേക്ക് അപകടകരമായിട്ടാണ് കാടും വളളിപ്പടർപ്പുകളും വളർന്നിട്ടുളളത്.റോഡിന്റെ വശങ്ങളിലുളള വെളള വരകൾക്കിപ്പുറവും റോഡ് കാണാൻ കഴിയാത്ത വിധമാണ് ഇതെല്ലാം വളർന്നിട്ടുളളത്.