തൊടുപുഴ : കഞ്ചാവ് വിറ്റ ലാഭത്തെച്ചൊല്ലിയുള്ള തർക്കത്തി​ൽ സുഹൃത്തിന്റെ മാതാവിന്റെ കണ്ണിൽ പെപ്പർസ്‌പ്രേ അടിച്ച ശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. തൊടുപുഴ കോലാനി കുളത്തൂർ വീട്ടിൽ ലിബിൻ ബേബിയാണ് പിടിയിലായത്. തൊടുപുഴ ഡിവൈഎസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയിൽ നിന്നുംകൊണ്ട് വന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാൽവർ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഓരാൾ അത് പങ്കുവെയ്ക്കാൻ തയാറാകാതിരിന്നതിനെ തുടർന്നാണ് തർക്കവും വിരോധവും തുടങ്ങിയത്.
തുടർന്ന് ലാഭത്തിൻന്റെ തുക ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവർ സംഘം നാലാമനെ കാണാത്തതിനെ തുടർന്ന് അയാളുടെ മാതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടിൽ ആദർശ് എന്ന വടിവാൾ അച്ചുവിനെ ഒരു വധശ്രമക്കേസിൽ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബർ 13ന് നടന്ന സംഭവമായിരുന്നുയെങ്കിലും പ്രതികൾ ഒളിവിൽ പോയതിനാൽ ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. കേസിലെ അവശേഷിക്കുന്ന പ്രതിയെയും അറസ്റ്റ് ചെയ്യുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ വർഷങ്ങളായി അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഡിവൈ.എസ്.പി. എം.ആർ. മധുബാബു പറഞ്ഞു.