
ശാസ്താംപാറ: പാറയ്ക്ക് മുകളിൽ കൃഷിയിലൂടെ നൂറുമേനി വിളയിച്ചിരിക്കുകയാണ്ശാസ്താംപാറ ഗവ.എൽ പി സ്‌കൂളിലെ കുട്ടികൾ
ഒരു പാറക്കു മുകളിലെ തരിശിലാണ് ഈ സ്‌കൂൾ . അവിടവിടെ കുഴിയും പാറകളും എന്നാലും കുട്ടികളും പി ടി എ കമ്മറ്റിയും ഒത്തുചേർന്ന് ഒരു ശ്രമം നടത്തി. കൂടെ സഹായത്തിന് പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് നേടിയ തങ്കപ്പനും രാധയും കൂടി ചേർന്നപ്പോളാണ് കൃഷി ഉഷാറായത്. ഇപ്പോൾ ഉച്ചഭക്ഷണത്തിന് മൂന്നു കൂട്ടം കറിക്ക് അവർക്ക് പച്ചക്കറി പുറത്തു നിന്ന് വാങ്ങേണ്ടതില്ല. ജൈവരീതിയിൽ വിളയിച്ച പച്ചക്കറി കൊണ്ട് പയറും തോരനും വെള്ളരിക്കാ പുളിശ്ശേരിയും സാമ്പാറും കൂട്ടി ഉച്ച ഭക്ഷണം കുശാലാകും. കൂടാെതെ വിളവെടുപ്പിന് പാകമായി നെൽകൃഷിയും ഉണ്ട്.
മഴവെള്ളക്കുഴിയായിക്കിടന്ന സ്ഥലത്ത് മണ്ണടിച്ച് നിരപ്പാക്കി. തരിശ് ഭൂമിയിലെല്ലാം കൃഷി ആരംഭിച്ചു. വള്ളിപ്പയറ്, വെള്ളരി, വഴുതന, ചീര, കത്രിക്ക, കോവൽ, കുറ്റിപ്പയർ, കൂർക്ക, കപ്പ അങ്ങനെ മുപ്പതോളം ചെടികൾ നട്ടു. ജൈവവള പ്രയോഗം നടത്തി. തങ്കപ്പനും രാധയും പി ടി എ കമ്മറ്റി അംഗമായ മകൻ പ്രകാശും പ്രസിഡന്റ് അജിനാസും ഒപ്പം നിന്നപ്പോൾ കൃഷി വൻവിജയം. എച്ച് എം ഗീതമ്മയും അദ്ധ്യാപകരും കൃഷിക്ക് വെള്ളവും വളവുമായി കുട്ടികളും ചേർന്നപ്പോൾ ഗ്രാമത്തിന്റെ ഉത്സവമായി മാറി. കൃഷി വകുപ്പിൽ നിന്ന് സങ്കേതിക സഹായവും കിട്ടി. ഒരു ദിവസത്തെ വിളവെടുപ്പിൽത്തെന്നെ മൂന്ന് ദിവസേത്തേക്കുള്ള പച്ചക്കറികൾ അവർക്ക് ലഭിക്കും. മീനുകളെയും ഇവിടെ വളർത്തുന്നുണ്ട്.