വണ്ടിപ്പെരിയാർ : പെട്രോൾ പമ്പ് ജംഗ്ഷനിൽ ഓട്ടോ റിക്ഷകൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനടക്കം എട്ട് പേർക്ക് പരിക്ക് പറ്റി. ഞായറാഴ്ച
രാത്രി 9 മണിയോടുകൂടിയാണ് അപകടം. വണ്ടിപ്പെരിയാറിൽ നിന്നും വാളാടി ഭാഗത്തേക്ക് പോയ ഓട്ടോ റിക്ഷയും വാളാടിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് അപകടത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ഡോക്ടർ ഇല്ലാതിരുന്നതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങൾ കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ ഉണ്ടായി. വാഹനങ്ങളുടെ അമിത വേഗത ഇവിടെ അപകടങ്ങൾ വർദ്ധിക്കാനിടയാകുകയാണ്. കൊട്ടാരക്കര ദേശീയപാത 183 ൽ മണ്ഡലകാലമാരംഭിക്കുന്നതോടെ വാഹന തിരക്കേറുന്നതിനാൽ ട്രാഫിക് നിയന്ത്രണവും വേഗതയും നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമായി.