
ചെറുതോണി: മൃഗാശുപത്രിയിലേക്കുള്ള റോഡ് തകർന്നിട്ട് നാളുകളായിട്ടും നന്നാക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തം. മുരിക്കാശ്ശേരിയിൽ നിന്ന് ത്രോപ്രാംകുടിയിലേക്ക് പോകുന്ന വഴി പാവനാത്മ കോളേജിന് സമീപമാണ് അരകിലോമീറ്റർ മാത്രം ദൂരമുള്ളതാണ് ഈ റോഡ്. ഇതേത്തുടർന്ന് നാട്ടുകാർ മൃഗാശുപത്രിയിലേക്ക് വളർത്ത് മൃഗങ്ങളുമായി പോകാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ് . നിത്യേന മൃഗാശുപത്രിയിലേക്ക് പോകുന്ന കർഷകരും വിവിധ ആശുപത്രികളിൽ പോകുന്ന രോഗികളുൾപ്പെടെ നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. പെരിഞ്ചാകുട്ടിയിലും ചെമ്പകപാറയിലും താമസിക്കുന്നവരെ സംബന്ധിച്ച് മുരിക്കാശ്ശേരിയിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. പലതവണ പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും കണ്ട് പരാതി ഉന്നയിച്ചിട്ടും ഇപ്പോഴും അവർ മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നാളിതുവരെ റോഡ് അറ്റകുറ്റപണി നടത്താനോ പുനർനിർമിക്കാനുള്ള ഒരു ശ്രമമോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
വില്ലനായി
ഉരുളൻകല്ല്
റോഡിൽ ഉരുളൻകല്ലുകൾ നിറഞ്ഞിരിക്കുന്നത് മൂലം വലിയ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ ഇതുവഴി ഓടിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നെന്നും നാട്ടുകാർ പറയുന്നു. അതിനാൽ പെട്ടെന്ന് റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.