മൂന്നാർ : മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും പഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ വ്യാഴാഴ്ച്ച കാമ്പെയിൻ ആരംഭിക്കുന്നത്.
പത്തിന് രാവിലെ ഏഴുമുതൽ 11വരെ സമയത്താണ് മാലിന്യങ്ങൾ വേർ തിരിക്കുന്നതിലുള്ള കാമ്പെയിൻ നടത്തുന്നത്.ഈ സമയത്ത് വോളന്റിയർമാരുടെ ചെറിയ ഗ്രൂപ്പുകൾ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ജൈവ മാലിന്യങ്ങൾ തരംതിരിച്ചു സംസ്‌കരിച്ച് വളമാക്കാനും അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് റീസൈക്ലിംഗിന് നൽകണമെന്നുമുള്ള സന്ദേശവും നൽകും.തുടർന്ന് ഉച്ചയ്ക്ക് 1.30മുതൽ മൂന്നുമണിവരെ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും സ്‌കൂളുകളിൽ മാലിന്യം വേർതിരിക്കുന്നതിനെക്കുറിച്ച് ഒരേ സമയം ടോക് ഷോ നടത്തും.നവകേരളം ആർ.പി.മാരും ഇന്റേണികളുമാകും ടോക് ഷോയിൽ ക്ലാസെടുക്കുക.
പഞ്ചായത്തിലെ 65 ശുചീകരണ തൊഴിലാളികൾ,ഹരിതകർമ്മ സേനാംഗങ്ങൾ,ഇടുക്കി, കോട്ടയം,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ള 65 നവകേരളം റിസോഴ്‌സ് പേഴ്‌സൺമാർ,17 ഇന്റേൺഷിപ്പ് ട്രയനികൾ,മൂന്നാറിലെ കോളജുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരാണ് കാമ്പെയിന് നേതൃത്വം നൽകുന്നത്.സംസ്ഥാന നവകേരളം മിഷനിൽ നിന്നുള്ള ടീമും പഞ്ചായത്ത് വാർഡംഗങ്ങളും പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥരും റസിറ്റിയെന്ന സന്നദ്ധസംഘടനയും കാമ്പെയിനിന്റെ ഭാഗമാകും.
മൂന്നാറിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്, അപ് സൈക്കിൾ പാർക്ക് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് ജൈവഅജൈവ മാലിന്യങ്ങൾ കൂട്ടിക്കലരാതെ തരം തിരിച്ച് കൈമാറുന്നതിൽ പഞ്ചായത്തിലുള്ളവർക്കാകെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷാണ് 17ന് മാലിന്യ പ്ലാന്റ്, അപ് സൈക്കിൾ പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്യുന്നത്.