പീരുമേട് : പേരിനൊപ്പം മഹാൻ എന്ന് ചേർത്ത് പറയുന്നതിൽ ഏറ്റവും അർഹനായ വ്യക്തിയാണ് മുൻമുഖ്യമന്ത്രിയും, ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവുമായിരുന്ന ആർ.ശങ്കറെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. . പമ്പനാർ ശ്രീനാരായണ ട്രസ്റ്റ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെയും ശ്രീനാരായണ ഗുരു.കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തിൽ ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം എന്നും എം.പി പറഞ്ഞു. കോളേജ് ആർ.ഡി.സി കൺവീനർ സി.എ. ഗോപി വൈദ്യർ ചെമ്പൻകുളം മുഖ്യ പ്രഭാഷണം നടത്തി. ശ്രീനാരായണ ട്രസ്റ്റ്സ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പാൾ സനൂജ് സി ബ്രീസ് വില്ല അദ്ധ്യക്ഷനായിരുന്നു.ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ മനു പ്രസാദ്, ശ്രീ നാരായണ ട്രസ്റ്റ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപിക രഞ്ജു എൻ.കെ എന്നിവർ സംസാരിച്ചു. നേതൃത്വപാടവം ആധുനിക കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ബിബിൻ ഷാൻ കെ.എസ് പ്രഭാഷണം നടത്തി. റാങ്ക് ജേതാക്കളായ ബികോം വിദ്യാർത്ഥിനി കീർത്തി മോൾ ഷാജി, ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനികളായ ദേവികാ മോൾ എം.പി, സോണിയ പോസി എന്നിവരേയും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.