
കട്ടപ്പന: ചെടികൾക്ക് മഞ്ഞളിപ്പടക്കമുള്ള വിവിധ രോഗങ്ങൾ വ്യാപകമായതോടെ കുരുമുളക് കൃഷി സമ്പൂർണ തകർച്ചയിലേയ്ക്ക് നീങ്ങുന്നു. ചെടികൾ തളിർത്തു തിരി ഇട്ട് വിളവ് പാകമാകാൻ തുടങ്ങുന്ന സമയത്താണ് ഇരുട്ടടി പോലെ മഞ്ഞളിപ്പ് രോഗം ബാധിച്ചത്. ഇലകൾ ക്രമേണ മഞ്ഞ നിറത്തിലായി തണ്ട് സഹിതം കൊഴിഞ്ഞു പോകുന്നതാണ് രോഗ ലക്ഷണം. ഇതോടൊപ്പം ദ്രുത വാട്ടം കൂടി ബാധിച്ചതോടെ കുരുമുളക് ചെടികൾ വ്യാപകമായി നശിക്കുകയാണ്. പതിവിന് വിപരീതമായി മഴയുടെ അളവ് കൂടിയതാണ് മഞ്ഞളിപ്പ് രോഗം വ്യാപകമാക്കിയതെന്ന് കർഷകർ പറയുന്നു. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ ഒരു തരം ഫങ്കസ് വ്യാപനവും കണ്ടുവരുന്നുണ്ട്. മഴ കുറവുള്ള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ പൊള്ളരോഗം വ്യാപകമാണ്. ചെടിയുടെ തണ്ട് ജലാംശം വലിഞ്ഞു ഉണങ്ങി മുറിയുന്നതാണ് പൊള്ളരോഗത്തിന്റെ ലക്ഷണം. ഹൈറേഞ്ചിൽ മിക്കമേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ കപ്പ, ചേന, ചേമ്പ് കൃഷികൾ ഇറക്കാൻ കഴിയുന്നില്ല. ഏലത്തോടൊപ്പം കുരുമുളക് കൃഷിയായിരുന്നു കർഷകരുടെ വരുമാനമാർഗം. എന്നാൽ പ്രതീക്ഷിക്കാതെ എത്തിയ വിവിധ രോഗങ്ങൾ കുരുമുളക് കൃഷി നാമാവശേഷമാക്കുമെന്നു കർഷകർ പറയുന്നു. കർഷകർ പ്രതിസന്ധിയിൽ ആയിട്ടും കൃഷിഭവനിൽ നിന്നോ, പഞ്ചായത്തുകളിൽ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
വിലയും കുറഞ്ഞു
രോഗങ്ങൾക്കൊപ്പം കുരുമുളകിന്റെ വിലയും കുത്തനെ ഇടിഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം ഈ സമയത്ത് 550- 600 രൂപയായിരുന്നു കിലോയ്ക്ക് വില. ഈ വർഷം 450- 475 മാത്രമാണ് വില. ഇതോടൊപ്പം വിളവും കുത്തനെ കുറഞ്ഞു.ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുകയും രോഗങ്ങൾ നിയന്ത്രിക്കുകയും ചെയ്യണമെന്നാണ് കുരുമുളക് കർഷകരുടെ ആവശ്യം.