തൊടുപുഴ: നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലെൻസ്‌ഫെഡ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ 10ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം ഈ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. വീടുകളുടെ നിർമ്മാണം പ്രതിസന്ധിയിലായതോടെ സാധാരണക്കാരെയും ഇതു ബാധിച്ചു കഴിഞ്ഞു. സിമന്റ്, സ്റ്റീൽ, പെയിന്റ്, പി.വി.സി ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, ടൈൽസ് എന്നിവയ്ക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചു. പെട്രോൾ. ഡീസൽ വില വർദ്ധനയും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു. നിർമ്മാണ മേഖലയുടെ തകർച്ച സംസ്ഥാനത്തെ വികസനത്തെയും ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ധർണ ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ബിജോ മുരളി, കെ.ജി. സുരേഷ് കുമാർ, എം.ആർ. രാജീവ്, പി.എസ്. രാജേഷ്‌കുമാർ, എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.