തൊടുപുഴ: ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി അപകടകരമാംവിധം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മൂന്ന് പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷോക്കേറ്റ് മരിച്ചത്. ഒന്നര വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത് 22 പേരാണ്. ഓരോ വർഷത്തെയും അപകടങ്ങൾ പരിശോധിച്ചാൽ ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ കൂടി വരുന്നതായാണ് കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാർ മുതൽ സാധാരണക്കാർ വരെ മരണപ്പെട്ടവരിലുണ്ട്. ജോലിക്കിടെയുള്ള വൈദ്യുതാഘാതവും ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷേക്കേറ്റുമാണ് ജില്ലയിൽ കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തത്. രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരാണ് ജില്ലയിൽ ജോലിയ്ക്കിടെ ഈ കാലയളവിൽ ഷോക്കേറ്റ് മരിച്ചത്. ജില്ലയിൽ ഇരുമ്പ് തോട്ടികൾ ഉപയോഗിച്ച് കൊക്കോ, ചക്ക, കുരുമുളക് മുതലായവ പറിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി, സങ്കീർണമായ വിതരണ ശൃംഖല തുടങ്ങിയ പല കാരണങ്ങളും ജോലിക്കിടെയുള്ള വൈദ്യുതാഘാതങ്ങൾക്ക് പിന്നിലുണ്ട്. വീട്ടിലെ റിപ്പയറിങ് ജോലിക്കിടെയും അപകടങ്ങൾ ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ലോഹത്തോട്ടികൾ ഉപയോഗിച്ച് വൈദ്യുതി ലൈനുകൾക്ക് സമീപം യാതൊരു ജോലികളും ചെയ്യരുതെന്ന മുന്നറിയിപ്പും വൈദ്യുതിയുടെ കാര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.
പേടിപ്പെടുത്തുന്ന അപകടക്കണക്ക്
കാലയളവ് മരണം
2017 മാർച്ച്- 2018 ഫെബ്രുവരി 14
2018 മാർച്ച്- 2019 ഫെബ്രുവരി 6
2019 മാർച്ച്- 2020 മാർച്ച് 6
2021 മാർച്ച്- 2022 മാർച്ച് 11
2022 ഏപ്രിൽ- നവംബർ 11
ജാഗ്രത മുഖ്യം
മഴയുള്ള സമയങ്ങളിൽ ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാം. ഈ സാഹചര്യങ്ങളിൽ പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളിൽ സ്പർശിക്കരുത്.
മഴക്കാലത്ത് വേണ്ടത്ര വെളിച്ചമില്ലാതെ യാത്ര ചെയ്യരുത്
വൈദ്യുതി കമ്പികൾ പൊട്ടി വീണതായി കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം
മരങ്ങളിൽ നിന്ന് കായ്ഫലങ്ങൾ പറിക്കുമ്പോൾ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികൾ ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ഉയർത്തരുത്. സർവീസ് വയർ കേബിളുകളിൽ സ്പർശിക്കരുത്.
നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പികളിലോ, എർത്ത് പൈപ്പിലോ സ്പർശിക്കരുത്.
ഇലക്ട്രിക് വയറുകളുടെ ഇൻസ്റ്റലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തണം.
ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുമ്പ് ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി പ്ലഗുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ വേർപ്പെടുത്തണം