തൊടുപുഴ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയ മലയൻകീഴ് സ്വദേശി സന്തോഷാണെന്നതിന് തെളിവില്ലെന്ന് പൊലീസ്. പരാതിക്കാരിയെ സന്തോഷിന്റെ ഫോട്ടോ കാണിച്ചെങ്കിലും ഇയാളല്ലെന്നാണ് ഇവർ മൊഴി നൽകിയതെന്ന് ഡിവൈ.എസ്.പി എം.ആർ. മധുബാബു പറഞ്ഞു. സന്തോഷിനെക്കാൾ മെലിഞ്ഞ ആളാണ് തനിക്കു നേരെ അതിക്രമം നടത്തിയതെന്നാണ് പൊലീസിന് നൽകിയ വിവരം. എന്നാൽ സമാന കേസുകളിൽ ഇയാൾ പ്രതിയായതിനാൽ തൊടുപുഴയിൽ ഇയാളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നോ എന്നുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂർ സ്വദേശിനിയായ ഡോക്ടറുടേതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെ 2021 ഡിസംബർ ആറിനായിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാദ്ധ്യമങ്ങൾ വഴി സന്തോഷിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളാണോ കേസിലെ പ്രതിയെന്ന സംശയം പരാതിക്കാരിക്കുണ്ടായത്.