മൂന്നാർ: ജനവാസമേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് വീണ്ടും പുലിയുടെ ആക്രമണം. സെവൻമലയിൽ വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയും ഗൂഡാർവിള എസ്റ്റേറ്റിലെ കന്നുകാലിയെയും പുലി ആക്രമിച്ചു കൊന്നു. സെവൻമല എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിലെ ഷൺമുഖരാജിന്റെ നായയെയാണ് പുലി കൊലപ്പെടുത്തിയത്. രാത്രി 9.30 മണിയോടെ അയൽവാസികൾ നായയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ടിരുന്നു. ശബ്ദം കെട്ട് ഓടിയെത്തിയ തൊഴിലാളികൾ കണ്ടത് പിച്ചിച്ചീന്തിയ നിലയിലുള്ള നായയൊണ്. വീടിന്റെ മുൻവശത്തുള്ള വാതിലിനോട് ചേർന്നാണ് നായയെ കെട്ടിയിട്ടിരുന്നത്.
ഗൂഡാർവിള എസ്‌റ്റേറ്റിലും ജനവാസ മേഖലയിലെത്തിയ പുലി തൊഴിലാളികളെ ഭീതിയിലാഴ്ത്തി. ലയത്തിന് തൊട്ടുചേർന്നുള്ള വനം മേഖലയിൽ മേയാൻ വിട്ടിരുന്ന പശുവിനെയാണ് പുലി കൊന്നത്. എസ്‌റ്റേറ്റ് തൊഴിലാളിയായ ആറുമുഖത്തിന്റെ പശുവാണ് കൊല്ലപ്പെട്ടത്.
കന്നുകാലികൾ വന്യജീവികളുടെ ആക്രണത്തിൽ കൊല്ലപ്പെടുന്നതിൽ പ്രശ്‌നപരിഹാരം കണ്ടെത്താൻ വനം വകുപ്പ് അടിയന്തിരമായ നടപടികൾ സ്വീകരിച്ച് തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നുള്ള ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.