തൊടുപുഴ: ജില്ലയെ പനിക്കിടക്കിയിലാക്കി വൈറൽ പനി പടർന്നുപിടിക്കുന്നു. ഈ മാസമാരംഭിച്ച് എട്ട് ദിവസത്തിനിടെ 2138 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം 324 പേർ ചികിത്സ തേടി. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. കഴിഞ്ഞ മാസമാകെ 6500 പേരാണ് പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി ബാധിതരിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതൽ ഉണ്ടാകാമെന്നും എന്നാൽ, ഭൂരിഭാഗം പേരും പരിശോധന നടത്താൻ തയ്യാറാകാത്തത് കൊവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നതായും ആരോഗ്യവകുപ്പ് പറയുന്നു. കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനി ബാധിതരുടെ എണ്ണം കൂടാൻ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. മാറി മാറി വരുന്ന മഴയും വെയിലും പനി ബാധിതരുടെ എണ്ണം കൂട്ടുന്നുണ്ട്.
പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയുമുണ്ട്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. വീട്ടിലൊരാൾക്ക് വന്നാൽ മാറി മാറി എല്ലാവർക്കും വരുന്ന സ്ഥിതിയാണ്. സ്‌കൂൾ കുട്ടികൾക്കിടയിലും പനി വ്യാപനമുണ്ട്. ഇത് സ്കൂളുകളിലെ അദ്ധ്യയനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണമെന്നു ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആശങ്കപ്പെടുത്തി ചിക്കൻപോക്സും
പകർച്ച പനിക്കൊപ്പം ആശങ്കയുയർത്തി ചിക്കൻപോക്സും എലിപ്പനിയും വർദ്ധിക്കുന്നുണ്ട്. എട്ട് ദിവസത്തിനിടെ 11 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. ഇന്നലെ മാത്രം മൂന്ന് പേർ ചികിത്സ തേടി. കാലാവസ്ഥാ മാറ്റമാണ് ചിക്കൻപോക്സ് വർദ്ധിക്കാൻ കാരണം. നാല് പേർ വീതം എലിപ്പനിയും ഡെങ്കി പനിയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ ഇന്നലെയൊരാൾ നെടുങ്കണ്ടത്ത് ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പേർക്ക് തക്കാളി പനിയും സ്ഥിരീകരിച്ചു. തട്ടക്കുഴയിൽ ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി ഒരാൾ ചികിത്സ തേടി.
സൂക്ഷിക്കണം പനിയെ
കൊവിഡ്- 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്- 1 എൻ- 1, ചിക്കൻപോക്‌സ്, സിക്ക, കുരങ്ങ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് കൂടുതലും വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ദ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽപ്പനി സുഖമാവാൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം.