തൊടുപുഴ: കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിർമ്മാണമേഖല മാന്ദ്യത്തിൽ നിന്നും ഒന്ന് കര കയറി വരുന്നതിനിടെ വിലക്കയറ്റം വിലങ്ങുതടിയായി മാറി. . മൂന്ന് നാലുമാസം മുമ്പ് 425 രൂപ മുതൽ 470 രൂപ വരെ ആയിരുന്ന സിമന്റാണ് ഇപ്പോൾ 500 രൂപയോടടുത്തത്. അനുബന്ധ ഉത്പ്പന്നങ്ങളും വിലക്കയറ്റത്തിൽ ഒട്ടും പിന്നിലല്ല. . ചെറുകിട കരാറുകാരെയാണ് വിലവർദ്ധനവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പെയിന്റ്, പി.വി.സി ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, ടൈൽസ് എന്നിവയ്ക്കും 15 ശതമാനം മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചു. സ്റ്റീലിന് ഇപ്പോൾ 75 രൂപയാണ്.

സംസ്ഥാനത്ത് വില നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ് വില കുതിച്ചുയരാൻ കാരണം. സിമന്റ് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ സാധനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. സിമന്റ്, കട്ടില, ജനൽ എന്നിവയ്ക്കൊക്കെ പൊള്ളുന്ന വിലയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് വരുന്നത്. ഇത് പരമാവധി മുതലാക്കുകയാണ് സിമന്റ്, സ്റ്റീൽ ഉത്പ്പാദകർ.

മലബാർ സിമന്റ്സ് ഉൾപ്പെടെ പൊതുമേഖലയിൽ സിമന്റ് നിർമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ ആവശ്യത്തിന് ഇത് തികയാത്ത അവസ്ഥയാണ്. മലബാർ സിമന്റ്സ് ഉത്പ്പാദനം 25 ശതമാനമെങ്കിലും വർദ്ധിപ്പിച്ചാൽ ഒരു പരിധിവരെ കുത്തക കമ്പനികളെ നിയന്ത്രിക്കാം. ഇതിനായി സർക്കാർ പ്രഖ്യാപനം നടത്തുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ല.നിർമാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തോടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖം തിരിഞ്ഞുനിൽക്കുകയാണ്.