elam

കട്ടപ്പന: ഉത്പാദനചെലവ് കൂടിയതിനെ തുടർന്ന് ജില്ലയിലെ സുഗന്ധ വ്യഞ്ജന വിളകളിൽ പ്രധാനപ്പെട്ട ഏലം കൃഷി പ്രതിസന്ധിയിലായി. ഇതോടൊപ്പം വിലത്തകർച്ചയും അഴുകൽ രോഗങ്ങളും കൂടിയായതോടെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. തണ്ട്, ഇല എന്നിവയെ ബാധിക്കുന്ന ഫിസേറിയം എന്ന രോഗബാധ ഇപ്പോൾ വ്യാപകമാണ്. വേരിൽ കൂടി ബാധിക്കുന്ന നെമറ്റോഡ്, തിത്തിയം, വേരുപുഴു തുടങ്ങിയ രോഗങ്ങളും ചെടികൾ നശിക്കാൻ കാരണമാകുന്നുണ്ട്. ഏലയ്ക്ക ഉത്പാദനത്തിന്റെ കേന്ദ്രമായ ഉടുമ്പഞ്ചോലയിൽ അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ വ്യാപകമായി. ഇവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന കീടനാശിനികളുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. തണ്ടുതുരപ്പനെ പ്രതിരോധിക്കുന്നതിനുള്ള രാസകീടനാശിനികൾക്കും അധിക വിലയാണ്. വളങ്ങളുടെ വിലവർദ്ധനവും കർഷകർക്ക് താങ്ങാവുന്നതിലധികമായി. കാത്സ്യം നൈട്രേറ്റ് 1400 രൂപയായിരുന്നത് കുത്തനെ കൂടി 2400 ആയി വർദ്ധിച്ചു. പൊട്ടാഷ് 600 രൂപ വർദ്ധിച്ച് 1700ൽ എത്തിയെന്നു മാത്രമല്ല ഇവയുടെ ലഭ്യതയും കുറവാണ്. പണിക്കൂലിയിൽ ഒരു വർഷത്തിനിടെ 100 രൂപയോളം വർദ്ധിച്ചിട്ടുണ്ട്. ഒരു കിലോ ഏലയ്ക്ക ഉത്പാദിപ്പിച്ചു ഉണക്കിയെടുക്കുമ്പോൾ ശരാശരി 850 രൂപ ചെലവാകുന്നുണ്ട്. എന്നാൽ ഇപ്പോൾ കിലോയ്ക്ക് 800ൽ താഴെ മാത്രമാണ് വില ലഭിക്കുന്നത്. പാട്ടത്തിന് സ്ഥലമെടുത്തു കൃഷി നടത്തുന്നവരെയാണ് ഉത്പാദന ചെലവ് വർദ്ധന ഏറെ ബാധിച്ചിരിക്കുന്നത്. വട്ടിപ്പലിശക്കാരിൽ നിന്നും ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൂടുതൽ പേരും കൃഷി തുടങ്ങിയിരിക്കുന്നത്. 22 ദിവസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ കീടനാശിനി പ്രയോഗം നടത്തിയാലേ ശരാശരി വിളവെങ്കിലും ലഭിക്കൂ. കീടനാശിനികൾക്ക് ലിറ്ററിന് 400 മുതൽ 7000 രൂപ വരെയാണ് വില.

മണ്ണ് പരിശോധനാ സംവിധാനമില്ല
ഏലം കൃഷി നടത്തുന്ന സ്ഥലങ്ങളിലെ മണ്ണ് പരിശോധിക്കാൻ സംവിധാനമില്ലാത്തത് വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ പി.എച്ച് പരിശോധിക്കുന്നതിനോ രാസകീടനാശിനികളിൽ അനുവദിനീയമല്ലാത്ത ഘടകങ്ങൾ ചേർത്തിട്ടുണ്ടോയെന്ന് നോക്കുന്നതിനോ ജില്ലയിൽ സംവിധാനമില്ല. ഇതു മൂലം വ്യത്യസ്ത സ്ഥലങ്ങളിൽ ഏത് അളവിൽ ഏതൊക്കെ വളങ്ങൾ, കീടനാശിനികൾ എന്നിവ പ്രയോഗിക്കണമെന്നോ അറിയാത്ത സ്ഥിതിയാണ്. സ്‌പൈസസ് ബോർഡ് അധികൃതരാണ് ഇത് ഏർപ്പെടുത്തേണ്ടത്. ബോർഡിന്റെ നിർജീവാവസ്ഥയാണ് ഏലം കൃഷിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി കർഷകർ പറയുന്നത്.

തമിഴ്‌നാട്ടിലും ഏലം കൃഷി
തമിഴ്നാട്ടിലെ കൊടൈക്കനാൽ പോലുള്ള മേഖലകളിൽ പുതുതായി ഏലം കൃഷി ആരംഭിച്ചത് ജില്ലയിലെ കർഷകരെ ദോഷകരമായി ബാധിക്കും. കൊടൈക്കനാലിൽ ഏതാനും വർഷങ്ങൾ കൊണ്ട് ഏഴായിരത്തിലധികം ഏക്കർ സ്ഥലത്താണ് പുതുതായി കൃഷി ആരംഭിച്ചത്. ഇവിടത്തെ ഇപ്പോഴത്തെ കാലാവസ്ഥ ഏലം കൃഷിയ്ക്ക് അനുയോജ്യമാണ്. ഇവിടെ വളം, കീടനാശിനികൾക്ക് വിലകുറവായതിനാൽ ഉത്പാദന ചെലവും കുറവാണ്. മാത്രവുമല്ല നാനോ ടെക്‌നോളജി വഴി അവർ കൂടുതൽ ഉത്പാദനം നടത്തുമ്പോൾ ഇവിടെ ഉത്പാദന വർദ്ധനവിനുള്ള മാർഗം നോക്കി നെട്ടോട്ടമോടുകയാണ് ഏലം കർഷകർ.

''വ്യത്യസ്ത കാലാവസ്ഥകളിൽ ഏലം കൃഷിക്ക് പ്രയോഗിക്കാവുന്ന വളവും കീടനാശിനികളും വിപണിയിൽ ലഭ്യമാക്കണം. ഇതിന് സ്‌പൈസസ് ബോർഡ് നടപടി സ്വീകരിക്കണം. ഏലയ്ക്കാ വിലയുടെ കാര്യത്തിൽ ഡീലർമാർക്ക് ലഭിക്കുന്ന വില കർഷകർക്ക് നൽകുന്നില്ല. ഏലം ലേല കേന്ദ്രങ്ങളിലെ ഒത്തുകളിയാണ് ഏലത്തിന്റ വില ഇടിക്കുന്നത്.""

-ജയൻ നാരായണൻ (ഏലം കർഷകൻ)