കട്ടപ്പന: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന മുൻസിപാലിറ്റി എന്നിവ സംയുക്തമായി ബാലസംരക്ഷണസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനും അവകാശ നിഷേധങ്ങൾ പരിശോധിച്ച് ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് ബാലസംരക്ഷണസമിതികൾ രൂപീകരിച്ചിരിക്കുന്നത്. ബാലസംരക്ഷണസമിതിയുടെ ശക്തീകരണം ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബാലസൗഹൃദ കേരളം ബ്ലോക്ക്, പഞ്ചായത്ത് തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികളുടെ ലക്ഷ്യങ്ങൾ, ചുമതലകൾ എന്ന വിഷയത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി., കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ പ്രൊട്ടക്ഷൻ ഓഫിസർ (എൻ.ഐ.സി.) ജോമറ്റ് ജോർജും ക്ലാസ് നയിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, കട്ടപ്പന ഉപ വിദ്യാഭ്യാസ ഓഫിസർ ടോമി ഫിലിപ്പ്, കട്ടപ്പന അഡീഷണൽ ഐ. സി. ഡി. എസ്. ഓഫീസർ ജാനറ്റ് എം. സേവ്യർ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ ജാസ്മിൻ ജോർജ്, കിരൺ കെ. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.