വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ്
നെടുങ്കണ്ടം: ശാന്തമ്പാറ കൂന്തപ്പനത്തേരിയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. കൂന്തപ്പനത്തേരി സ്വദേശികളായ പരമശിവം (52), മകൻ കുമാർ (26) എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കൂന്തപ്പനത്തേരി സ്വദേശികളായ വിമൽ (25), ഭാര്യാ സഹോദരൻ അരവിന്ദ് (24) എന്നിവരാണ് തങ്ങളെ വീടു കയറി വെട്ടി പരിക്കേൽപിച്ചതെന്ന് പരമശിവം പറഞ്ഞു. സംഘട്ടനത്തിൽ ഇവർക്കും പരിക്കുണ്ട്. പരമശിവത്തിന്റെ തലയ്ക്കും കുമാറിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. പിടിച്ചു മാറ്റാനെത്തിയ അയൽവാസിയായ തമ്പിയാനും (40) ചെറിയ പരിക്കേറ്റു. പരമശിവം, കുമാർ എന്നിവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും സംഘട്ടത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ശാന്തൻപാറ സി.ഐ പറഞ്ഞു. ശാന്തൻപാറ പഞ്ചായത്ത് പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ട് കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ പരമശിവത്തെയും മകനെയും ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. എന്നാൽ അക്രമിക്കപ്പെട്ടവരും പ്രതികളും തമ്മിലെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.