ഇടുക്കി: പീരുമേട് മഞ്ചുമലയിൽ മൂന്ന് വയസ് പ്രായമുള്ള പെൺപുലി ചത്തത് കരൾ, ശ്വാസകോശം എന്നിവയ്ക്ക് ഉണ്ടായ അണുബാധ . കെണിവച്ച് പിടിച്ചതിന്റെയോ വിഷം ഉള്ളിൽ ചെന്നതിന്റെയോ ലക്ഷണങ്ങളില്ല. എൻ.ടി.സി.യുടെ ഗൈഡ് ലൈൻ പ്രകാരം പുലിയുടെ ആന്തരിക അവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ഇതിന് ശേഷം മാത്രമേ വ്യക്തമായ മരണകാരണം സ്ഥിരീകരിക്കാനാകൂ. തിങ്കളാഴ്ചയാണ് വണ്ടിപ്പെരിയാർ മഞ്ചുമല രാജമുടി ഭാഗത്ത് പെൺപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. അതേ സമയം പ്രദേശത്ത് കൂടുതൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. ക്യാമറ ട്രാപ്പ് സ്ഥാപിച്ചുള്ള നിരീക്ഷണത്തിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നും പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ പറഞ്ഞു. പോസ്റ്റുമാർട്ടത്തിനു ശേഷം പുലിയുടെ മൃതദേഹം മറവു ചെയ്തു.