തൊടുപുഴ: സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ റേഷൻ കട ഉടമയുടെ വീട്ടിൽ നിന്നും 4 ചാക്ക് റേഷനരി പിടികൂടി. കോളപ്രയിലെ എ.ആർ.ഡി 119 ാം നമ്പർ ലൈസൻസിയായി ജോഷി ജോസഫിന്റെ റേഷൻ കടയിൽ നടത്തിയ റെയ്ഡിലാണ് തൊട്ടുചേർന്നുള്ള വീട്ടിൽ നിന്നും റേഷനരി പിടികൂടിയത്. എന്നാൽ ഭരണകക്ഷി ജില്ലാ നേതാവിന്റെ ഇടപെടലിൽ നടപടി വൈകിപ്പിക്കുകയാണ്.
സ്ഥിരമായി കടയോട് ചേർന്നുള്ള വീട്ടിൽ നിന്നും അരി വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോകാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വിജിലൻസ് ഓഫിസർ അജിത്കുമാർ തിരുവനന്തപുരത്തുനിന്നും റെയ്ഡിനെത്തിയത്. ജില്ലാ സപ്ലൈ ഓഫിസർ അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർ ബൈജു. കെ ബാലൻ, റേഷനിങ് ഇൻസ്‌പെക്ടർമാർ എന്നിവർ പൊലിസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. വീട്ടിൽ നിന്നും അരി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെയാണ് നാട്ടുകാർ പരാതി നൽകിയത്.