തൊടുപുഴ: കോലാനി ജങ്ഷനിലുണ്ടായ കാറപകടത്തിൽ പിഞ്ചു കുഞ്ഞുൾപ്പടെ 6 പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലേക്ക് വന്ന കാറിലേക്ക് പാലാ റൂട്ടിലേക്ക് പോയ വാഹനം ഇടിക്കുകയായിരുന്നു.
തൊടുപുഴയിലേക്ക് വാഹനത്തിലെ രാജാക്കാട് സ്വദേശികളായ ചിഞ്ചു, മകൻ ഒരു മാസം പ്രായമുള്ള ഡെറിക് സജിയും , ബിജോ, എസ്. രോഹിത് എന്നിവരും പാലാ ഭാഗത്തേക്ക് പോയ കാറിലുണ്ടായിരുന്ന ജിജിൽ, ബിബിൻ എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചിഞ്ചുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
തൊടുപുഴ ഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ വന്ന കാർ രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നേർക്ക് നേരെയുള്ള ഇടിയിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇരുകാറുകളും റോഡിന്റെ വശങ്ങളിലേക്ക് തെറിച്ച് നീങ്ങി. ഇതിൽ ഒരു കാർ സമീപത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച തൂണിലിടിച്ചാണ് നിന്നത്. ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെത്തിയവരും രക്ഷാപ്രവർത്തനം നടത്തി. ഇരു കാറുകളിലേയും ഡ്രൈവർമാരുടെ കാലുകൾ സ്റ്റിയറിങിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയുടേയും പൊലീസിന്റെയും സഹായത്തോടെ വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായിരുന്നതിലാൽ ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.