ഇടുക്കി: നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ഗുരുദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് ആരംഭിക്കും. രാവിലെ ആചാര്യ വരണത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ 16ന് അവദൃത സ്‌നാനത്തോടെ സമാപിക്കും. ജഗന്നാഥ വർമ പുലിമുഖമാണ് യജ്ഞാചാര്യൻ. മാറനാട് അഭിലാഷ്,​ തേവന്നൂർ ശ്രീകുമാർ എന്നിവർ യജ്ഞ പൗരാണികരുമാണ്. ശിവഗിരി മഠത്തിലെ ബോധിതീർത്ഥ സ്വാമികളാണ് ക്ഷേത്രം ഉപദേഷ്ടാവ്. നാളെ രാവിലെ 5.30ന് ഗണപതി ഹോമം,​ വിഷ്ണു സഹസ്രനാമം, സർവ്വ ദേവതാ പ്രാർത്ഥന എന്നിവ നടത്തും.കുമാരൻ തന്ത്രികളുടെ ദേഹവിയോഗത്തിന് ശേഷം ക്ഷേത്രം തന്ത്രിയായി ചുമതലയേൽക്കുന്ന സുരേഷ് ശ്രീധരൻ തന്ത്രികൾക്ക് സ്വീകരണം നൽകും. തുടർന്ന് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് ആചാര്യ വരണം, ഗ്രന്ഥ നമസ്‌കാരം,​ 10ന് വരാഹ അവതാരം പ്രഭാഷണം, പ്രസാദമൂട്ട്,​ വൈകിട്ട് ആറിന് ദീപാരാധന, നാമസങ്കീർത്തനം. ഒന്നാം ദിവസം യജ്ഞശാലയിലെ പ്രധാന വഴിപാടുകൾ,​ ശ്രീകൃഷണ അഷ്ടോത്തര മന്ത്രാർച്ചന,​ പുരുഷ സൂക്താർച്ചന,​ നെൽപ്പറ എന്നിവയാണ്. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി അമൽ മഹാദേവൻ,​ അനന്ദു ശാന്തി എന്നിവർ നേതൃത്വം നൽകും. തുടർച്ചയായി 16-ാമത് വർഷമാണ് നാരുപാറ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുന്നതെന്ന് ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ,​ പ്രസിഡന്റ് സി.കെ. സുരേഷ് ചീങ്കല്ലേൽ,​ വൈസ് പ്രസിഡന്റ് ഷാജി നടയ്ക്കൽ,​ സെക്രട്ടറി മനോജ് പുള്ളിലിൽ എന്നിവർ അറിയിച്ചു.