
അടിസ്ഥാന സൗകര്യ വികസനമാണ് ഒരു നാടിന്റെ വളർച്ചയുടെ നട്ടെല്ല്. വികസന പദ്ധതികൾ പ്രഖ്യാപനങ്ങളിലും തറക്കല്ലുകളിലും പാതിവഴിയിലായ നിർമ്മാണ പ്രവർത്തനങ്ങളിലും ഒതുങ്ങുമ്പോൾ അത് നാടിന്റെ വളർച്ചയെയും ബാധിക്കുന്നു. വാഗ്ദാനങ്ങളിലൊതുങ്ങുകയും പാതിവഴിയിൽ നിലച്ചുപോകുകയും ചെയ്ത പദ്ധതികൾ ഇടുക്കി ജില്ലയിലും ഏറെയുണ്ട്. ഇവയിൽ പലതും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപിക്കുകയോ നിർമ്മാണം തുടങ്ങുകയോ ചെയ്തവയാണ്.
വികസനമെത്താതെ
ഇടമലക്കുടി
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പേരിന് വഴിയും വൈദ്യുതിയുമുണ്ടെങ്കിലും പ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം ഇനിയും അകലെ. മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ 26 കുടികൾ ഉൾപ്പെട്ട ഇടമലക്കുടിയിലെ കൊടുംകാടിന് നടുവിൽ മൂവായിരത്തോളം പേർ അധിവസിക്കുന്നുണ്ട്. പുറത്ത് നിന്നുള്ളവർക്ക് ഇവിടേക്ക് എത്തണമെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെ ദുർഘടമായ കാനനപാതകൾ താണ്ടണം. സ്‌കൂൾ, റേഷൻകട, പൊലീസിന്റെയും വനം വകുപ്പിന്റെയും എയ്ഡ് പോസ്റ്റുകൾ എന്നിവ സ്ഥിതിചെയ്യുന്ന സൊസൈറ്റിക്കുടിയിൽ ഉൾപ്പെടെ വാഹനമെത്താത്ത അവസ്ഥയാണ്. ആശുപത്രി ആവശ്യങ്ങൾക്കും ഭക്ഷ്യവസ്തുക്കളെത്തിക്കാനും മറ്റ് മാർഗങ്ങൾ തേടണം. ഇടമലക്കുടിയിൽ വൈദ്യുതിയെത്തിച്ചെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ജനവാസമുള്ള 24ൽ 19 കുടികളും ഇപ്പോഴും ഇരുട്ടിലാണ്. വന്യമൃഗശല്യം വെല്ലുവിളിയായതോടെ പരമ്പരാഗത കൃഷികളെല്ലാം കുടിനിവാസികൾ ഉപേക്ഷിച്ചു. പഞ്ചായത്ത് ആസ്ഥാനം സൊസൈറ്റിക്കുടിയിലാണെങ്കിലും ഇവിടെ നിന്ന് 40 കിലോമീറ്റർ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ്. സൊസൈറ്റിക്കുടിയിൽ പഞ്ചായത്ത് ഓഫീസുണ്ട്. പക്ഷേ, യാത്രാദുരിതം മൂലം ഉദ്യോഗസ്ഥർ ഇവിടെ എത്താറില്ല. പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിർമ്മിച്ചെങ്കിലും ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഇല്ല. നിയമനം ലഭിക്കുന്നവർ ഇവിടേക്ക് വരാൻ മടിക്കുന്നു. ഇടമലക്കുടിക്കായി പ്രഖ്യാപിച്ച ടെലിമെഡിസിൻ സംവിധാനം ഇപ്പോഴും കടലാസിലാണ്. വനത്തിനുള്ളിൽ ഏഴ് വർഷം മുമ്പ് നിർമ്മിച്ച പാലം അപ്രോച്ച് റോഡില്ലാത്തതിനാൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ഇടമലക്കുടിയോടുള്ള അവഗണനയുടെ സ്മാരകമായി ഉയർന്നുനിൽക്കുന്നു. പത്ത് കോടിയുടെ പാക്കേജ്, പാർപ്പിടപദ്ധതി, ആശുപത്രി ഇങ്ങനെ ഇടമലക്കുടിക്കായി പ്രഖ്യാപിക്കുകയും എന്നാൽ പാതിവഴിയിൽ നിലയ്ക്കുകയും ചെയ്ത പദ്ധതികൾ നിരവധിയാണ്.
ഇഴഞ്ഞ് നീങ്ങുന്ന ടൂറിസം
നേരിയ മുതൽ മുടക്ക് നടത്തിയാൽ ലക്ഷങ്ങൾ മാസവരുമാനം ലഭിക്കാൻ സാദ്ധ്യതയുള്ള അനവധി പദ്ധതികളാണ് ടൂറിസം മേഖലയിൽ പാതി വഴിയിൽ മുടങ്ങിക്കിടക്കുന്നത്. മൂന്ന് കോടി മുടക്കി നിർമ്മിച്ച മലങ്കര ടൂറിസം മേഖലയിലെ എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. അതിൽ പ്രവർത്തിക്കുന്നത് ശൗചാലയം മാത്രം. കാഞ്ഞാർ പുഴയോരത്തെ പാർക്കിന്റെ അവസ്ഥയും സമാനം. ആവശ്യത്തിന് ഇരിപ്പിടങ്ങളോ സൗകര്യങ്ങളോ ഇല്ല. എം.വി.ഐ.പിയും ഡി.ടി.പി.സിയും തമ്മിലുള്ള തർക്കമാണ് എൻട്രൻസ് പ്ലാസ അടഞ്ഞുകിടക്കാൻ കാരണം. നിസാര അറ്റകുറ്റപ്പണി നടത്തിയാൽ തുറക്കാം. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും പലതലങ്ങളിൽ യോഗം ചേർന്നിട്ടും തീരുമാനമായില്ല. വർഷങ്ങൾക്ക് മുമ്പ് ഇടത് സർക്കാരിന്റെ കാലത്ത് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ടൂറിസം, ഇറിഗേഷൻ വകുപ്പുകളും എം.വി.ഐ.പിയും സംയുക്തമായാണ് മലമ്പുഴയ്‌ക്ക് സമാനമായ പദ്ധതി ആവിഷ്‌കരിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കും വിനോദകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രം, യന്ത്രവൽകൃത ബോട്ടുകളിൽ മുട്ടം മുതൽ അറക്കുളം വരെ 11 കിലോമീറ്റർ സവാരി, ദുബായ് മോഡൽ എൻട്രൻസ് പ്ലാസ, പക്ഷിസങ്കേതം, കൃത്രിമവനം, ഫുഡ് പാർക്ക് തുടങ്ങിയവയാണ് വിഭാവനം ചെയ്തിരുന്നത്. എൻട്രൻസ് പ്ലാസയും കുട്ടികളുടെ ചെറിയൊരു പാർക്കും ബോട്ട്ജട്ടിയും മാത്രമാണ് ഭാഗികമായെങ്കിലും പൂർത്തിയായത്.
രണ്ടാംഘട്ട ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് കാഞ്ഞാർ വാട്ടർ തീം പാർക്ക് നിർമ്മാണം പാതിവഴിയിൽ മുടങ്ങി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം ചെലവഴിച്ച് ആദ്യഘട്ട പദ്ധതികൾ നടപ്പാക്കിയിരുന്നു. പൂച്ചെടികളും ചെറുമരങ്ങളും വച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനമാണ് ആദ്യഘട്ടത്തിൽ നിർമ്മിച്ചത്. മലങ്കര ജലാശയത്തിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ഈ ഉദ്യാനത്തിൽ നിരവധി വഴിയാത്രക്കാർ വിശ്രമിക്കാൻ എത്താറുണ്ട്. എന്നാൽ ഇരിപ്പിടങ്ങൾ പോലും ഇല്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്. ഒന്നാം ഘട്ടത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണം മാറിയതോടെ തീം പാർക്കിനെ അവഗണിക്കുകയായിരുന്നു. ഇതോടെ പുഴയോരപാർക്ക് കാടുകയറിത്തുടങ്ങി. ഇവിടെ നട്ടുവച്ചിരുന്ന പൂച്ചെടികൾ പലതും നശിച്ചു. പാർക്കിന്റെ പല ഭാഗങ്ങളിലും മലങ്കര ജലാശയത്തിലേയ്ക്ക് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്.
ഇടുക്കി ആർച്ച് ഡാമിനോട് ചേർന്നു തുടക്കം കുറിച്ച ലേസർ ഷോ പദ്ധതിയും പാതിവഴിയിലാണ്. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇടുക്കി മൾട്ടി പ്ലക്സ് തീയേറ്റർ കോംപ്ലക്‌സിന് 10 കോടി രൂപ അനുവദിച്ച് പ്രാരംഭ നടപടികൾ തുടങ്ങിയതല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങിയില്ല. കുളമാവിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ബഡ്‌ജറ്റിൽ ഒരു കോടിയാണ് അനുവദിച്ചത്. പ്രാരംഭ നടപടികൾ തുടങ്ങിയതല്ലാതെ ഒരനക്കവുമുണ്ടായില്ല.
കുടിവെള്ള പദ്ധതിയുണ്ട്, വെള്ളമില്ല
ആറ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2000ൽ പ്രവർത്തനസജ്ജമായതാണ് ഹെലിബേറിയ പദ്ധതി. പക്ഷേ, 22 വർഷമായിട്ടും 140 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും കുടിവെള്ള വിതരണം ഭാഗികം മാത്രമാണ്. പീരുമേട്, ഏലപ്പാറ, ഉപ്പുതറ, പെരുവന്താനം, കൊക്കയാർ, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചാത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി ആരംഭിച്ചത്. പെരിയാറ്റിൽ നിന്ന് വെള്ളം ശേഖരിച്ച് ഏലപ്പാറ പഞ്ചായത്തിലെ ഹെലിബേറിയായിൽ ബൂസ്റ്റർ പ്ലാന്റ് വഴി ജലവിതരണത്തിനാണ് പദ്ധതി വിഭാവനം ചെയ്തത്. ഉദ്ഘാടനം കെങ്കേമമായി നടന്നു. എന്നാൽ, അതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു. ശുചീകരണ ടാങ്ക്, ബൂസ്റ്റർ പ്ലാന്റ് എന്നിവയുടെ നിർമ്മാണം പൂർത്തിയായെങ്കിലും ജലവിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് പൂർത്തികരിക്കാനായില്ല. ഇത് മൂലം പദ്ധതി ഭാഗികമായി മാത്രമാണ് കമ്മിഷൻ ചെയ്തത്. പീരുമേട്, കൊക്കയാർ, പെരുവന്താനം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളുടെ പരിധിയിൽ നാമമാത്രമായ സ്ഥലങ്ങളിലേ കുടിവെള്ളം എത്തുന്നുള്ളൂ. പെരുവന്താനം നിവാസികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചതിനാലാണ് പെരുവന്താനത്തും പരിസര പ്രദേശങ്ങളിലും ഭാഗികമായെങ്കിലും വെള്ളം എത്തിയത്.
അയ്യപ്പൻകോവിൽ ആലടി കുരിശുമല കുടിവെള്ള പദ്ധതിക്കായി, പെരിയാറിന് കുറുകെ പദ്ധതിയിട്ട ചെക് ഡാം നിർമാണമാണ് പ്രതിസന്ധിയിലായ പ്രധാന കുടിവെള്ള പദ്ധതികളിൽ ഒന്ന്. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ പൂർണമായും ഇരട്ടയാർ പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലെയും കട്ടപ്പന നഗരസഭയിലെയും ശുദ്ധജലക്ഷാമത്തിന് പരിഹാരം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആലടി കുരിശുമല കുടിവെള്ള ടാങ്ക്, തോണിത്തടി പമ്പ് ഹൗസ്, കല്യാണത്തണ്ടിൽ ബൂസ്റ്റർ പമ്പ് ഹൗസ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ കെ.എസ്.ഇ.ബി ഡാം സുരക്ഷാവിഭാഗം നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാത്തതാണ് നിർമ്മാണം തടസപ്പെടാൻ ഇടയാക്കിയത്. ചെക് ഡാം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചപ്പോൾ ജലവിഭവവകുപ്പ് ഡാം സുരക്ഷാ വിഭാഗത്തിന്റെ അനുമതി വാങ്ങാതിരുന്നതാണ് സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണം. ചെക് ഡാം നിർമാണം നിലയ്ക്കുകയോ അനിശ്ചിതമായി വൈകുകയോ ചെയ്യുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
ഓടിത്തളർന്ന്
കായികമേഖല
കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കുമായി രൂപം നൽകിയ പദ്ധതികൾ പലതും ലക്ഷ്യം കാണാതെ പോയതാണ് മുൻകാല ചരിത്രം. കോടികൾ മുടക്കി നിർമ്മിച്ച മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ഇത്തരം അവഗണനയുടെയും അനാസ്ഥയുടെയും സ്മാരകമായി നിലകൊള്ളുന്നു. സ്ഥലം സന്ദർശിച്ച കായികമന്ത്രി നടത്തിയ പല പ്രഖ്യാപനങ്ങളും യാഥാർത്ഥ്യമായില്ല. കായികതാരങ്ങൾക്കായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാറിലേത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് ഇവിടെ താമസിച്ച് മികച്ചരീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻകൈയെടുത്ത് മൂന്നാറിലെ 15 ഏക്കർ സ്ഥലത്ത് 7.25 കോടി മുതൽ മുടക്കിൽ 2008ലാണ് സ്റ്റേഡിയം നിർമ്മിച്ചത്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ അവിടുത്തെ കാലാവസ്ഥയോട് പൊരുത്തപ്പെടാനാകും വിധം പരിശീലനം നല്കി പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളെ ഇവിടെ താമസിപ്പിച്ച് പരിശീലനം നൽകാനും പദ്ധതി തയ്യാറാക്കി. ഹോസ്റ്റൽ, വിശാലമായ മൈതാനം എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്നവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യം, ഫിൽട്രേഷൻ പ്ലാന്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ചുരുക്കം ചില പരിശീലന പരിപാടികൾ ഒഴികെ മറ്റൊന്നും നടന്നിട്ടില്ല.