ഉപ്പുതറ: സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ശേഷം കാണാതായ വിദ്യാർത്ഥിനികളെ മൂന്നാം ദിവസം കട്ടപ്പനയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 10ഓടെ കട്ടപ്പന പുതിയ സ്റ്റാൻഡിൽ ബസിറങ്ങിയ കുട്ടികൃൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ണിൽ പെടുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് ചപ്പാത്ത് സ്വദേശിനികളായ കുട്ടികൾ വീടുവിട്ടിറങ്ങിയത്.
ഏലപ്പാറയിൽ എത്തിയ ഇവർ കുരിശുപള്ളിക്കു സമീപം ബാഗ് ഉപേക്ഷിച്ച ശേഷം കട്ടപ്പനക്ക് വണ്ടി കയറി. അവിടെ നിന്നും തിരുവനന്തപുരം ബസിൽ കയറി. ഒരു കുട്ടിയുടെ മുത്തച്ഛൻ താമസിക്കുന്നത് ശിവകാശിയിലാണ്. അവിടേക്ക് പോകാനായിരുന്നു തീരുമാനം. തിരുവനന്തപുരത്ത് എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പണം തീർന്നു. കയ്യിലുണ്ടായിരുന്ന മൊബൈൻ വിറ്റ പണവുമായി തമിഴ്‌നാട്ടിലേക്ക് വണ്ടി കയറി. എന്നാൽ ഏഴായിരം മുന്ന എന്ന സ്ഥലമായപ്പോൾ ശിവകാശിക്കുള്ള വഴി മാറിയതായി സംശയം തോന്നി. ഇതോടെ തിരികെ പോരുകയായിരുന്നു. തിരികെ കട്ടപ്പനയിൽ വന്നിറങ്ങിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. കുട്ടികൾ തിങ്കളാഴ്ച കട്ടപ്പനയിൽ നിന്നും തിരുവനന്തപുരം കെ.എസ്.ആർ.ടി.സിയിൽ കയറുന്നത് സി.സി. ടി.വി. ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം സ്റ്റാൻഡിൽ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
കുട്ടികളുടെ രക്ഷിതാക്കൾ തിങ്കളാഴ്ച്ച സ്‌കൂളിൽ എത്താനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടികൾ നാടുവിട്ടത്. വീട്ടിലെ പ്രശ്‌നങ്ങൾ കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
ഹാജർ എടുത്ത ശേഷം ക്ലാസിൽ എത്താത്ത കുട്ടികളുടെ വീട്ടിൽ വിവരം അറിയിക്കുന്ന പതിവുണ്ടായിരുന്നു. തിങ്കളാഴ്ച ഈ കുട്ടികളുടെ വിവരം അധികൃതർ വീട്ടിൽ അറിയിച്ചു. അപ്പോഴാണ് കുട്ടികൾ സ്‌കൂളിൽ എത്തിയില്ലെന്ന വിവരം വീട്ടുകാരും അറിഞ്ഞത്. ജില്ല പൊലീസ് മേധാവി കെ.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം ഉപ്പുതറ സി.ഐ. ഇ. ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കും.