thambi

നെടുങ്കണ്ടം: മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയ യുവാവ് ഇസ്തിരിപ്പെട്ടി കൊണ്ടുള്ള പിതാവിന്റെ അടിയേറ്റ് മരിച്ചു. ചെമ്മണ്ണാ‌ർ പാമ്പുപാറ മൂക്കനോലിൽ ജെനീഷാണ് (38) മരിച്ചത്. ജെനീഷിന്റെ പിതാവ് തമ്പിയെ (77) ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഉടുമ്പൻചോല പൊലീസ് പറയുന്നതിങ്ങനെ: ജെനീഷ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുമായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ബഹളമാരംഭിച്ചു. വൈകിട്ടായതോടെ മക്കളെ ഉപദ്രവിക്കാൻ തുടങ്ങി. കൊച്ചുമക്കളെ ഉപദ്രവിക്കുന്നത് തടയാൻ തമ്പി ശ്രമിച്ചു. ഇതോടെ ജെനീഷ് തമ്പിയെയും മക്കളെയും ക്രൂരമായി മർദ്ദിച്ചു. മർദ്ദനം സഹിക്കാനാവാതെ വന്നതോടെ തമ്പി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ജെനീഷിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജെനീഷ് വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ തമ്പി കൈയിൽ കിട്ടിയ വാക്കത്തി എടുത്തു വെട്ടി. വെട്ടിൽ ജെനീഷിന്റെ വലതുകൈയിൽ ആഴത്തിൽ മുറിവേറ്റു. വീടിന് പുറത്തേക്കു ചാടിയ ജെനീഷ് മുറ്റത്ത് കുഴഞ്ഞുവീണു. പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഇസ്തിരിപ്പെട്ടിക്കൊണ്ടുണ്ടായ ആക്രമണത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. ഉടുമ്പൻചോല എസ്.എച്ച്.ഒ ബി.എസ്. ബിനു, എസ്‌.ഐ അബ്ദുൽ കനി, ഷാജി എബ്രാഹം, ഷിബു മോഹൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.