കട്ടപ്പന: വണ്ണപ്പുറം- രാമക്കൽമേട് സംസ്ഥാന പാത പലയിടത്തും തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാക്കി. ചീങ്കൽ സിറ്റി മുതൽ മുണ്ടൻമുടി വരെയും എഴുകുംവയൽ വെട്ടിക്കാമറ്റം, കൗന്തി ചേമ്പളം ഭാഗങ്ങളിലുമാണ്‌ റോഡ് പൂർണ്ണമായി തകർന്നത്. ചീങ്കൽസിറ്റി മുതൽ മുണ്ടൻമുടിവരെ മഴവെള്ളം ഒഴുകി റോഡിന്റെ ഇരുവശവും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയിൽ ഒലിച്ചു വന്നിട്ടുള്ള കല്ലും മണ്ണും റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ഇത് നീക്കം ചെയ്യാനും നടപടിയായിട്ടില്ല. ഉടുമ്പൻചോല താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് തൊടുപുഴ, എറണാകുളം മേഖലകളുമായി ബന്ധപ്പെടാനുള്ള എളുപ്പവഴിയാണിത്. ഈ റോഡ് തകർന്നതോടെ കട്ടപ്പന വഴി കിലോമീറ്ററുകൾ അധികം യാത്ര ചെയ്ത് സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ആശാരികവല മുതൽ വെട്ടിക്കാമറ്റം വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങൾക്ക്‌ പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഴ പെയ്ത്‌ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം ഡിവിഷന്റെ കീഴിലുള്ള ഭാഗമാണ് തകർന്നതിലേറെയും. സംസ്ഥാന പാത ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എഴുകുംവയൽ വികസന സമിതി പ്രസിഡന്റ്‌ ജോണി പുതിയാപറമ്പിൽ ആവശ്യപ്പെട്ടു.