road

രാജാക്കാട് :നിരവധി വാഹനാപകടങ്ങൾ നടന്ന പന്നിയാർകൂട്ടി കുളത്രക്കുഴിയിൽ വീണ്ടും വാഹനാപകടം.തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും മുവാറ്റുപുഴയിലേക്ക് കൊപ്ര കയറ്റി വന്ന ലോറിയാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. കുത്തിറക്കത്തിൽ ബ്രേക്ക് കിട്ടാത്തതിനെതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വട്ടം മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ മുവാറ്റുപുഴ സ്വദേശി മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലാക്കി.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി ഗതാഗതം പുനസ്ഥാപിച്ചു.അപകടം നടന്ന ഈ മേഖലയിൽ ഒരു വർഷത്തിനകം എട്ടിൽപരം വാഹനാപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇതേ വളവിൽ ആളപായവും ഉണ്ടായിട്ടുണ്ട്.റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആക്ഷേപം.ഇത് സംബന്ധിച്ച് പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതികൾ കൊടുത്തിട്ടുണ്ടെങ്കിലും പരിഹാരം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.