തൊടുപുഴ: ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂർ പഞ്ചായത്തിലെ ചാലാശേരിയിലുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിലെ 26 പന്നികൾക്കാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏഴോളം ഫാമുകളിലെ 276 പന്നികളെ ഇന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദയാവധത്തിന് വിധേയമാക്കും. കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികളെയാണ് കൊല്ലുക. ഈ കർഷകർക്ക് നഷ്ടപരിഹാരം നൽകും. 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിൽ പന്നിമാംസ കച്ചവടം, കശാപ്പ്, വില്പന എന്നിവ പാടില്ല. ഈ മേഖലയ്ക്കുള്ളിൽ നിലവിലുള്ള പന്നികളെ അവിടെതന്നെ നിലനിറുത്തണം. ഇവിടെ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിയമം മൂലം ശിക്ഷാർഹമാണ്. നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്കും അകത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും ശിക്ഷാർഹമാണ്. രണ്ട് മാസത്തിനുള്ളിൽ ഇവിടെ നിന്ന് മറ്റ് പന്നി ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അന്വേഷിക്കും. ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും പന്നി, പന്നിമാംസം, പന്നി മാംസ ഉത്പന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. നേരത്തെ കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
ആഫ്രിക്കൻ പന്നിപ്പനി മാരകം
ആഫ്രിക്കൻ പന്നിപ്പനി എച്ച്1 എൻ1 പന്നിപ്പനിയിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന് വാക്സിനോ മറ്റ് പ്രതിരോധ മരുന്നുകളോ ഇല്ല. രോഗം പടർന്നുപിടിച്ചാൽ പന്നികൾ കൂട്ടത്തോടെ ചാകും. എന്നാൽ ഈ രോഗം മനുഷ്യരിലേക്ക് പകരുകയില്ല. രോഗം ബാധിച്ച ഇടങ്ങളിൽ യാതൊരുവിധ സന്ദർശകരേയും അനുവദിക്കില്ല.