ഇടുക്കി: നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സജ്ജമാക്കിയിട്ടുള്ള ജലഗുണനിലവാര പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം 14 ന് രാവില 10 ന് കട്ടപ്പന ട്രൈബൽ ഹയർസെക്കണ്ടറി സ്‌കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
കേരളത്തിൽ പട്ടണപ്രദേശങ്ങളൊഴികെ മറ്റ് എല്ലാ പ്രദേശങ്ങളിലും കുടിവെള്ളത്തിനും ഗാർഹിക ആവശ്യങ്ങൾക്കും കിണറുകളെയോ മറ്റ് ജലസ്രോതസ്സുകളെയോ ആണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഈ മേഖലകളിൽ തന്നെ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാൻ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത 14 ജില്ലകളിലുമായി 18 സ്‌കൂൾ ലബോറട്ടറികളിൽ അതാതു സ്‌കൂളുകൾ ഉൾപ്പെട്ടുവരുന്ന സമീപ പ്രദേശങ്ങളിലെ ലഭ്യമായ ഭൂജലം പരിശോധിക്കുന്നതിനും ഗുണനിലവാരം മനസിലാക്കുന്നതിനും ഭൂജലവകുപ്പ് ജല പരിശോധനാ ലാബുകൾ എന്ന പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വിദ്യാത്ഥികൾക്കും അദ്ധ്യാപകർക്കും വകുപ്പ് മുഖേന പരിശീലനവും നൽകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാഥിതിയാവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ് ആശംസയർപ്പിക്കും.