greenmoonnar

മൂന്നാർ: മൂന്നാറിൽ മാലിന്യ സംസ്‌കരണം സമഗ്രമാക്കാനുള്ള മെഗാ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മൂന്നാറിനെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ പഞ്ചായത്തും ഹിൽദാരി പ്രൊജ്രക്ടും യു.എൻ.ഡി.പി.യും ചേർന്ന് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ മെഗാ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മൂന്നാർ ഗ്രാമപഞ്ചായത്തംഗങ്ങൾ, ഹരിതകേരളമിഷന്റെ സംസ്ഥാനമിഷൻ ടീം അംഗങ്ങൾ, യു.എൻ.ഡി.പി പ്രതിനിധികൾ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഹരിതകേരള മിഷൻ റിസോഴ്‌സ് പെഴ്‌സൺമാരും മറ്റിതര സംഘടനാ പ്രവർത്തകരും ക്യാമ്പയിനിൽ പങ്കചേർന്നു.
ക്യാമ്പയിന്റെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് നിർവഹിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ അധ്യക്ഷത വഹിച്ചു.
വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലെ മാലിന്യ സംസ്‌ക്കരണം, തരംതിരിക്കൽ പദ്ധതികൾ വിപുലീകരിക്കാനാണ് മെഗാ ക്യാമ്പയിൻ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്. ചടങ്ങിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എൻ. സഹജൻ, യു.എൻ.ഡി.പി. പ്രതിനിധികൾ, ഹിൽദാരി പ്രൊജക്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.