
ദേവികുളം: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് മൂന്നാർ, ദേവികുളം ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ പി. ജി. രാജൻ ബാബു സിറ്റിംഗ് നടത്തി. രാവിലെ മൂന്നാറിലും ഉച്ചക്ക് ശേഷം ദേവികുളത്തുമായിരുന്നു സിറ്റിംഗ് നടത്തിയത്.
സിറ്റിംഗിന് പുറമെ തൊഴിലുറപ്പ് പദ്ധതി നടക്കുന്ന പ്രവൃത്തി സ്ഥലങ്ങളിൽ ഓംബുഡ്‌സ്മാൻ ഫീൽഡ് സന്ദർശനവും നടത്തി. പഴയ മൂന്നാറിൽ മുതിരപ്പുഴയുടെ തീരത്ത് കയർ ഭൂവസ്ത്രം വിരിക്കുന്ന സ്ഥലത്തും മൂന്നാർ ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡിലും സന്ദർശനം നടന്നു. പഴയ മൂന്നാറിൽ തൊഴിലുറപ്പ് ജോലിക്കിടെ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ തൊഴിലാളിയുമായും ഓംബുഡ്‌സ്മാൻ ആശയവിനിമയം നടത്തി. ദേവികുളം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ഡ്രൈനേജ് ജോലികൾ നടക്കുന്ന സ്ഥലവും ഓംബുഡ്‌സ്മാൻ സന്ദർശിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്ക് പുറമെ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി പ്രകാരമുള്ള പരാതികളും ഓംബുഡ്‌സ്മാൻ സ്വീകരിക്കുന്നുണ്ട്. വെള്ളിയാഴ്ച കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിൽ ഓംബുഡ്‌സ്മാന്റെ സിറ്റിംഗ് നടക്കും.